സാധാരണ ക്രിസ്റ്റ്യാനോയാണ് ഗോൾ നേടാറുള്ളത് : വിജയത്തെ കുറിച്ച് ബ്രൂണോ പറയുന്നു!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത പ്ലേ ഓഫ് ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ നോർത്ത് മാസിഡോണിയയെ പരാജയപ്പെടുത്തിയത്.ഇതോട് കൂടി ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നു.മത്സരത്തിലെ രണ്ട് ഗോളുകളും നേടിയത് ബ്രൂണോ ഫെർണാണ്ടസായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ,ഡിയോഗോ ജോട്ട എന്നിവരായിരുന്നു അസിസ്റ്റുകൾ നൽകിയത്.

ഏതായാലും ഈ വിജയത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ ബ്രൂണോ പങ്കുവെച്ചിട്ടുണ്ട്. പോർച്ചുഗൽ വിജയിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.കൂടാതെ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിനെയും താരം പരാമർശിച്ചിട്ടുണ്ട്.സാധാരണ രൂപത്തിൽ താൻ അസിസ്റ്റ് നൽകി ക്രിസ്റ്റ്യാനോ ഗോളടിക്കാറാണ് പതിവെന്നും ഇത്തവണ നേരെ തിരിച്ചാണ് എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ടീമിനെ സഹായിക്കുക എന്നുള്ളതായിരുന്നു എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധിക്കുമെങ്കിൽ ഗോളുകൾ കൊണ്ട്. എല്ലാ മത്സരത്തിലും ഗോളുകൾ നേടാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പരിശീലകന്റെ വാക്കുകൾ ഞാൻ എപ്പോഴും ഓർത്തിരുന്നു. അതുകൊണ്ടാവാം എനിക്ക് ഇരട്ട ഗോളുകൾ നേടാൻ സാധിച്ചത്. പരിശീലകൻ എന്താണോ ആവശ്യപ്പെട്ടത് അത് നൽകാൻ എനിക്ക് സാധിച്ചു. പക്ഷേ എല്ലാത്തിനേക്കാളും മുകളിൽ പോർച്ചുഗൽ വിജയിച്ചു എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.എല്ലാവർക്കും ആഗ്രഹങ്ങൾ ഉള്ളതുപോലെ എനിക്കും ക്രിസ്റ്റ്യാനോക്കും ആഗ്രഹങ്ങളുണ്ട്. സാധാരണ ഞാൻ അസിസ്റ്റ് നൽകുകയും അദ്ദേഹം ഗോൾ അടിക്കുകയുമാണ് ചെയ്യാറുള്ളത്. പക്ഷേ ഇന്ന് അത് നേരെ തിരിച്ചായി ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും ഒരുമിച്ച് കളിക്കുന്നവരാണ് ക്രിസ്റ്റ്യാനോയും ബ്രൂണോയും.അത് തങ്ങൾക്ക് ഇനിയും കൂടുതൽ ഗുണകരമാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *