സംഗീത പരിപാടിയും ഫിലിം പ്രദർശനവും വെടിക്കെട്ടും,വേൾഡ് കപ്പിന് ശേഷമുള്ള ആദ്യ മത്സരം ആഘോഷമാക്കാൻ അർജന്റീന!
വരുന്ന സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന പനാമയെയാണ് നേരിടുക.വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനയിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം അരങ്ങേറുക.
വേൾഡ് കപ്പ് കിരീടം ശേഷമുള്ള അർജന്റീനയുടെ ആദ്യത്തെ മത്സരമാണിത്.അതുകൊണ്ടുതന്നെ വളരെ വിപുലമായ രീതിയിൽ ആഘോഷിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.എന്തൊക്കെ ആഘോഷ പരിപാടികൾ ആണ് ഉണ്ടാകുക എന്നുള്ളതിന്റെ രൂപരേഖ ഇപ്പോൾ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
അർജന്റൈൻ സമയം ഉച്ചയ്ക്ക് 3:30നാണ് ആരാധകർക്ക് വേണ്ടി സ്റ്റേഡിയം തുറന്നു നൽകുക.മത്സരം ആരംഭിക്കുന്നതിന്റെ അഞ്ചര മണിക്കൂർ മുമ്പാണിത്. കാരണം നാല് മണിക്കാണ് ഒരു ഡിജെ പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. അതിനുശേഷം അർജന്റീനയുടെ വേൾഡ് കപ്പ് കിരീടം നേട്ടത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു സിനിമ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കും.
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 21, 2023
അതിനുശേഷം നീണ്ട സംഗീത പരിപാടികളാണ് നടക്കുക. അർജന്റീനയിലെ പ്രശസ്തരായ ഗായകന്മാർ ഈ സംഗീത പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മത്സരത്തിന്റെ ആദ്യ പകുതിയുടെ സമയത്തും സംഗീത നിശയുണ്ടാകും. പ്രശസ്ത റാപ്പർമാർ ഒരുക്കുന്ന സംഗീത പരിപാടികൾ ആണ് അർജന്റീന ആരാധകരെ കാത്തിരിക്കുന്നത്. മത്സരത്തിന്റെ അവസാനം കരിമരുന്ന് പ്രയോഗമുണ്ട്. വെടിക്കെട്ടും ലൈറ്റ് ഷോയുമൊക്കെ മത്സരശേഷം ഉണ്ടാവും. തുടർന്ന് അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ആയ ടാപ്പിയയും വേൾഡ് കപ്പ് കിരീടം ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കും.
പിന്നീട് അർജന്റീന താരങ്ങൾ ഒന്നടങ്കം ഈ കിരീടം പ്രദർശിപ്പിച്ചുകൊണ്ട് ആഘോഷിക്കും. ഒടുവിൽ ലാ കോങ്ക എന്ന മ്യൂസിക്കൽ പരിപാടിയോട് കൂടിയാണ് ഈ ആഘോഷങ്ങൾക്ക് അവസാനമാവുക. ഒരുപാട് പ്രശസ്ത വ്യക്തികൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഈ മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ മുഴുവനായും വിറ്റു പോയിരുന്നു.