വേൾഡ് കപ്പ് മെസ്സിക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഡാനി ആൽവെസ് പറയുന്നു!
വരുന്ന ഖത്തർ വേൾഡ് കപ്പിന്റെ ആവേശം ഇപ്പോൾ തന്നെ ഫുട്ബോൾ ലോകത്ത് അലയടിച്ചു തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞതോടുകൂടി ആരാധകർ എല്ലാവരും തന്നെ തങ്ങളുടെ ടീമിന്റെ സാധ്യതകൾ കൂട്ടിയും കിഴിച്ചുമിരിക്കുകയാണ്.അർജന്റീന,ബ്രസീൽ,ഫ്രാൻസ്,ജർമ്മനി,സ്പെയിൻ എന്നിവരൊയൊക്കെയാണ് പലരും കിരീട ഫേവറേറ്റുകളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്.
ഏതായാലും ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവെസും ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ വേൾഡ് കപ്പിനെ കുറിച്ച് ആൽവെസിനോട് ചോദിക്കപെട്ടിരുന്നു. ഇത്തവണത്തെ വേൾഡ് കപ്പ് മെസ്സി നേടാൻ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.എന്നാൽ മെസ്സിക്ക് ലഭിക്കാനല്ല, മറിച്ച് ഞങ്ങൾക്ക് ലഭിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ഡാനി ആൽവസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 10, 2022
” മെസ്സി വേൾഡ് കപ്പ് കിരീടം നേടാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം ഞാൻ ആർക്കും അവസരങ്ങൾ നൽകുന്നില്ല. ആ വേൾഡ് കപ്പ് കിരീടം എനിക്ക് നേടണം. അത് ഞങ്ങളുടെ കിരീടമാണ്. അത് നേടാൻ വേണ്ടി ഞങ്ങൾ എന്തും ചെയ്യും. അതിനു സാധിച്ചില്ലെങ്കിൽ, ഞങ്ങൾ ആ ട്രോഫി മോഷ്ടിക്കും ” ഇതാണ് ചിരിച്ചുകൊണ്ട് തമാശരൂപേണ ഡാനി ആൽവെസ് പറഞ്ഞിട്ടുള്ളത്.