വേൾഡ് കപ്പിലും കോപ്പയിലും മെസ്സിയെ റഫറിമാർ സഹായിച്ചു: ആരോപണവുമായി മുൻ ചിലി താരം!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും ചിലിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.അർജന്റീനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ലയണൽ മെസ്സി ഇത്തവണ അർജന്റീനക്ക് വേണ്ടി കളിക്കുന്നില്ല. പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ മെസ്സിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.
എന്നാൽ ഈ മത്സരത്തിന് മുന്നേ ലയണൽ മെസ്സിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുമ്പ് ചിലിക്ക് വേണ്ടി കളിച്ചിട്ടുള്ള മധ്യനിരതാരമായ മിഗേൽ എയ്ഞ്ചൽ നെയ്റ. മെസ്സിയുടെ മികവൊക്കെ അവസാനിച്ചിട്ടുണ്ടെന്നും ഇന്ന് ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക താരങ്ങളും മെസ്സിയെക്കാൾ മികച്ച താരങ്ങളാണ് എന്നുമാണ് ഇദ്ദേഹം അവകാശപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വേൾഡ് കപ്പിലും കോപ്പ അമേരിക്കയിലുമൊക്കെ റഫറിമാർ മെസ്സിയെ വലിയ തോതിൽ സഹായിച്ചുവെന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്.മുൻ ചിലി താരം പറഞ്ഞ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
‘ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാനുള്ള കഴിവൊന്നും ഇപ്പോൾ ലയണൽ മെസ്സിക്കില്ല. ഇന്ന് ഫുട്ബോൾ ലോകത്തുള്ള പല താരങ്ങളും ലയണൽ മെസ്സിയെക്കാൾ മികച്ചവരാണ്. മെസ്സിയുടെ മികവൊക്കെ നഷ്ടമായിട്ടുണ്ട്.മെസ്സിക്ക് അർജന്റീന ദേശീയ ടീമിനോടൊപ്പം കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നുള്ളത് കഴിഞ്ഞ കോപ്പ അമേരിക്കയിലും വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും നമ്മൾ കണ്ടതാണ്. മാത്രമല്ല റഫറിമാർ മെസ്സിയെ നന്നായി സഹായിക്കുന്നുണ്ട്. ബാക്കിയുള്ള താരങ്ങളെക്കാൾ കൂടുതൽ സംരക്ഷണം റഫറിമാർ മെസ്സിക്ക് നൽകുന്നുണ്ട്. ആ സംരക്ഷണമൊക്കെ അന്ന് മറഡോണക്ക് ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ് ‘ ഇതാണ് മുൻ ചിലി താരം പറഞ്ഞിട്ടുള്ളത്.
ഡിയഗോ മറഡോണയുടെ കാലത്ത് കളിച്ചിട്ടുള്ള താരമാണ് മിഗേൽ. നിലവിൽ തുടർച്ചയായ പരിക്കുകൾ മെസ്സിയെ വല്ലാതെ അലട്ടുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. ഈ പരിക്കിന്റെ വെല്ലുവിളികൾക്കിടയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിക്കാറുണ്ട്.ഇന്റർമയാമിക്ക് വേണ്ടിയും അർജന്റീന ദേശീയ ടീമിന് വേണ്ടിയും മികച്ച കണക്കുകൾ അവകാശപ്പെടാൻ ലയണൽ മെസ്സിക്ക് കഴിയുന്നുണ്ട്.