വീണ്ടും മഴവില്ല് വിരിയിച്ച് മെസ്സി,ജയത്തോടെ തുടങ്ങി അർജന്റീന!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തിക്കൊണ്ട് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന യോഗ്യത റൗണ്ട് ആരംഭിച്ചു കഴിഞ്ഞു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്. ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. മെസ്സിയുടെ മഴവിൽ ഫ്രീക്കിക്കാണ് ഈ വിജയത്തിന് കാരണമായത്.
മികച്ച ഒരു നിരയെ തന്നെയായിരുന്നു അർജന്റീനയുടെ പരിശീലകനായ സ്കലോണി കളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. മെസ്സിക്കൊപ്പം ലൗറ്ററോ,ഗോൺസാലസ് എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. പക്ഷേ ആദ്യ പകുതിയിൽ ഗോൾ നേടാൻ അർജന്റീനക്ക് സാധിക്കാതെ പോവുകയായിരുന്നു. ഗോൾ രഹിത സമനിലയിലാണ് ആദ്യപകുതി പിരിഞ്ഞത്.
LIONEL MESSI FREE KICK GOAL! 🇦🇷pic.twitter.com/yAsas0pRTQ
— Roy Nemer (@RoyNemer) September 8, 2023
രണ്ടാം പകുതിയിലും ഗോളടിക്കാൻ കഴിയാതെ അർജന്റീന സമ്മർദ്ദത്തിലായി നിൽക്കുന്ന സമയത്താണ് ലയണൽ മെസ്സിയുടെ ഫ്രീക്കിക്ക് വരുന്നത്. മെസ്സി മനോഹരമായി കൊണ്ട് അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.ഇക്വഡോർ ഗോൾകീപ്പർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.ഈ മഴവിൽ ഗോൾ ആണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ അവസാനത്തിൽ മെസ്സി സബ്സ്റ്റിറ്റ്യൂട്ട് ആയിക്കൊണ്ട് പുറത്ത് പോവുകയും ചെയ്തു.
ഏതായാലും വിജയത്തോടെ മൂന്ന് പോയിന്റുകൾ നേടിക്കൊണ്ട് തുടങ്ങാനായി എന്നുള്ളത് അർജന്റീനക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.ഇനി അടുത്ത മത്സരത്തിൽ ബൊളീവിയയാണ് അർജന്റീന നേരിടുക.