വിമർശനങ്ങൾ ദേഷ്യം പിടിപ്പിക്കാറുണ്ട്, പക്ഷേ: മെസ്സി പറയുന്നു!
ഈ വർഷമായിരുന്നു ലയണൽ മെസ്സി അർജന്റീനക്കൊപ്പമുള്ള കിരീടവരൾച്ചക്ക് വിരാമമിട്ടത്. അതിന് മുമ്പ് ഒട്ടേറെ വിമർശനങ്ങൾ അർജന്റൈൻ ജേഴ്സിയിൽ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നു.
ഏതായാലും ആ വിമർശനങ്ങളെ കുറിച്ച് ലയണൽ മെസ്സി മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ടിപ്പോൾ. ചില സമയങ്ങളിൽ വിമർശനങ്ങൾ ദേഷ്യം പിടിപ്പിക്കുമെന്നും എന്നാൽ അത് ലോക്കർ റൂം വിട്ട് പുറത്ത് പോവാറില്ല എന്നുമാണ് മെസ്സി അറിയിച്ചിട്ടുള്ളത്. കൂടാതെ ഡിയഗോ മറഡോണയുമായുള്ള താരതമ്യത്തെ പറ്റിയും മെസ്സി തന്റെ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യങ്ങളെ കുറിച്ച് അറിയിച്ചത്.
‘I Never Paid Attention’ – Lionel Messi Discusses the Comparisons to Diego Maradona https://t.co/jJ5MoVLKzj
— PSG Talk (@PSGTalk) December 4, 2021
” ഞാനൊരിക്കലും മറഡോണയുമായി സ്വയം താരതമ്യം ചെയ്തിട്ടില്ല.ഞാൻ അത്തരം താരതമ്യങ്ങൾ മുഖവിലക്കെടുക്കാറുമില്ല. മുമ്പ് ചില വിമർശനങ്ങൾ എന്നെ അലോസരപ്പെടുത്തിയിരുന്നു. അർജന്റീന ടീമിൽ എനിക്ക് മോശം സമയം ഉണ്ടായിരുന്നു. ചില സമയങ്ങളിൽ വിമർശനങ്ങൾ എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. പക്ഷേ അതൊക്കെ ലോക്കർ റൂമിൽ തന്നെ നിലനിൽക്കുമായിരുന്നു.അത് അവിടെ ഒതുങ്ങിയാൽ ഗ്രൂപ്പിന്റെ ശക്തി വർധിക്കാൻ കാരണമാകും. കൂടാതെ മുഖത്ത് നോക്കി തുറന്നുപറയുന്നത് നിങ്ങളെ ഇമ്പ്രൂവ് ആവാൻ സഹായിക്കും. ഇത് എന്റെ കാര്യത്തിലും മറ്റുള്ള താരങ്ങളുടെ കാര്യത്തിലും സംഭവിക്കാം ” മെസ്സി പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന വേൾഡ് കപ്പ് ഒരുപക്ഷെ മെസ്സിയുടെ അവസാന വേൾഡ് കപ്പായിരിക്കാം. മറഡോണ രചിച്ചത് പോലെയുള്ള ചരിത്രം രചിക്കാൻ മെസ്സിക്കാവുമോ എന്നുള്ളതാണ് അർജന്റൈൻ ആരാധകർ ഉറ്റുനോക്കുന്നത്.