വാർത്തയിൽ ട്വിസ്റ്റ്, ഐഫോണുകൾ സമ്മാനമായി നൽകുന്നത് മെസ്സിയല്ല!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിന്റെ സന്തോഷ സൂചകമായി ലയണൽ മെസ്സി അർജന്റീനയിലെ സഹതാരങ്ങൾക്കും സ്റ്റാഫുകൾക്കും ഒരു സമ്മാനം നൽകുന്നു എന്ന വാർത്ത ഇന്നലെ പുറത്തേക്ക് വന്നിരുന്നു. 35 ഐഫോൺ 14 കളാണ് ലയണൽ മെസ്സി സമ്മാനമായി നൽകുന്നത് എന്നാണ് അറിയാൻ സാധിച്ചിരുന്നത്. ഈ ഐഫോണുകൾ ഗോൾഡൻ പ്ലേറ്റഡ് ആക്കി മാറ്റിയ ഐ ഡിസൈൻ ഗോൾഡ് എന്ന കമ്പനിയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

അതായത് ഈ 35 ഐഫോണുകൾ ലയണൽ മെസ്സിയുടെ പാരീസിൽ ഉള്ള വീട്ടിലെത്തിച്ചു എന്നായിരുന്നു ഇവർ അറിയിച്ചിരുന്നത്.ഇത് ലയണൽ മെസ്സി അർജന്റീന താരങ്ങൾക്ക് സമ്മാനിക്കുന്നതാണ് എന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പ്രകാരം അവരെ ഉദ്ധരിച്ചുകൊണ്ട് റാഫ്ടോക്സും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇതിലെ കൂടുതൽ സത്യാവസ്ഥ ഇപ്പോൾ Tyc സ്പോർട്സിന്റെ തന്നെ ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂൾ കണ്ടെത്തിക്കഴിഞ്ഞു.യഥാർത്ഥത്തിൽ ഈ സമ്മാനം നൽകുന്നത് ലയണൽ മെസ്സി അല്ല,മെസ്സി ഈ സമ്മാനങ്ങൾക്ക് വേണ്ടി പണം മുടക്കിയിട്ടില്ല. മറിച്ച് ഒരു ധനികനായ ബിസിനസ് മാൻ ആണ് ഈ സമ്മാനം നൽകുന്നത്. ആ ബിസിനസ്മാന്റെ പേര് ഗാസ്റ്റൻ എഡ്യൂൾ വ്യക്തമാക്കിയിട്ടില്ല. ആ വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് ഐ ഡിസൈൻ കമ്പനി മെസ്സിയുടെ പാരീസിൽ ഉള്ള വീട്ടിലേക്ക് ഈ സമ്മാനങ്ങൾ എത്തിച്ചിട്ടുള്ളത്.

ഈ മാസം രണ്ട് സൗഹൃദമത്സരങ്ങൾ അർജന്റീന തങ്ങളുടെ ജന്മനാട്ടിൽ വച്ച് കളിക്കുന്നുണ്ട്. അതിനുവേണ്ടി ലയണൽ മെസ്സി അർജന്റീനയിലേക്ക് പോകുമ്പോൾ ഈ സമ്മാനങ്ങൾ കൊണ്ടു പോകുമെന്നും അർജന്റീനയിലെ ക്യാമ്പിൽ വിതരണം ചെയ്യും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.പക്ഷേ ഇതിനൊക്കെ കൂടുതൽ വ്യക്തതകൾ ഇനി വരേണ്ടതുണ്ട്. എന്നിരുന്നാലും ഗാസ്റ്റൻ എഡ്യൂളിന്റെ കണ്ടെത്തൽ പ്രകാരം ലയണൽ മെസ്സി അല്ല ഈ ഐഫോണുകൾ സമ്മാനിക്കുന്നത് എന്നാണ് നമുക്കിപ്പോൾ പറയാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *