വലിയ രാജ്യസ്നേഹികൾ ആവേണ്ട,അർജന്റൈൻ ആരാധകരും മെസ്സിയോട് മോശമായി പെരുമാറിയിട്ടുണ്ട് : അർജന്റൈൻ പരിശീലകൻ

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്തായതിനു ശേഷം പിഎസ്ജി ബോർഡക്സിനെതിരെയായിരുന്നു കളിച്ചിരുന്നത്. ആ മത്സരത്തിൽ വിജയിച്ചെങ്കിലും സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും നെയ്മർ ജൂനിയർക്കും മോശം അനുഭവങ്ങളായിരുന്നു നേരിടേണ്ടിവന്നത്. ഇരുവരെയും പിഎസ്ജി ആരാധകർ കൂവി വിളിക്കുകയായിരുന്നു. മെസ്സിയുടെ കരിയറിൽ അപൂർവ്വമായി സംഭവിച്ച ഒരു കാര്യമാണ് സ്വന്തം ആരാധകരുടെ കൂവി വിളി ഏൽക്കേണ്ടി വരുന്നത്.

എന്നാൽ ഇക്കാര്യത്തിൽ റിവർ പ്ലേറ്റിന്റെ അർജന്റൈൻ പരിശീലകനായ മാഴ്സെലോ ഗല്ലാർഡോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അർജന്റൈൻ ആരാധകർ ഇപ്പോൾ വലിയ രാജ്യസ്നേഹികൾ ആവേണ്ട ആവശ്യമില്ലെന്നും മുമ്പ് അർജന്റീനക്കാർ തന്നെ അദ്ദേഹത്തോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നുമാണ് ഗല്ലാർഡോ ഓർമിപ്പിച്ചിട്ടുള്ളത്.മുൻ പിഎസ്ജി താരം കൂടിയാണ് ഗല്ലാർഡോ. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നമ്മളും മെസ്സിയോട് മോശമായി പെരുമാറിയിട്ടുണ്ട്. ഇപ്പോൾ ആരും വലിയ രാജ്യസ്നേഹികൾ ആവാൻ നോക്കേണ്ട.അതാരും മറക്കണ്ട.കൂവി വിളിച്ചതിനോട് ഞാൻ പൂർണമായും വിയോജിപ്പ് രേഖപ്പെടുത്തുന്നു. പക്ഷേ ഫുട്ബോളിൽ ഇക്കാര്യങ്ങളൊന്നും തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നില്ല ” ഇതാണ് ഗല്ലാർഡോ പറഞ്ഞത്.

കഴിഞ്ഞ വർഷമായിരുന്നു കോപ്പ അമേരിക്ക കിരീടം നേടിക്കൊണ്ട് മെസ്സി അർജന്റീനയുടെ കിരീട വരൾച്ചക്ക് വിരാമമിട്ടത്. അതിനു മുൻപ് പലപ്പോഴും അർജന്റീനയിൽ നിന്ന് തന്നെ മെസ്സിക്ക് രൂക്ഷ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *