ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ,സ്‌കലോണി പെപ്പിനെ പോലെ: ഇറുറേറ്റ
2018 വേൾഡ് കപ്പിൽ അർജന്റീന പുറത്തായതിന് പിന്നാലെയാണ് അവരുടെ പരിശീലകനായി കൊണ്ട് സ്‌കലോണി വരുന്നത്. അതിനുശേഷം ടീമിനെ മികച്ച രൂപത്തിൽ മാനേജ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ടീമായി കൊണ്ട് അർജന്റീന മാറിയിരിക്കുകയാണ്. ഒരു വേൾഡ് കപ്പും രണ്ട് കോപ്പ അമേരിക്കയും ഒരു ഫൈനലിസിമയും അർജന്റീന സ്വന്തമാക്കി.ഏറെ കാലമായി ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് അർജന്റീനയാണ്.
ലയണൽ സ്‌കലോണി സ്പാനിഷ് ക്ലബ്ബ് ആയ ഡിപോർട്ടിവോ ലാ കൊറൂണക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുണ്ട്. അന്ന് അവിടെ വെച്ച് അദ്ദേഹത്തെ പരിശീലിപ്പിച്ചിരുന്ന ഹവിയർ ഇറുറേറ്റ ചില കാര്യങ്ങൾ ഈ പരിശീലകനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ സ്‌കലോണിയാണെന്നും അദ്ദേഹം പെപ്പിനെ പോലെയാണ് എന്നുമാണ് ഇറുറേറ്റ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ സ്‌കലോണിയാണ്.അദ്ദേഹം എങ്ങനെ വർക്ക് ചെയ്യുന്നു എന്നത് കൃത്യമായി എനിക്ക് മനസ്സിലാകും. എപ്പോഴും വളരെയധികം ശ്രദ്ധ പുലർത്തുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. താരമായിരുന്ന കാലത്തും അങ്ങനെ തന്നെയാണ്.എന്നെ അദ്ദേഹം അക്കാലത്ത് സഹായിക്കുകയും ചെയ്തിരുന്നു.ഇനിയും അർജന്റീനക്ക് കൂടുതൽ കിരീടങ്ങൾ അദ്ദേഹം നേടിക്കൊടുക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.സ്‌കലോണി എന്നെ ഓർമിപ്പിക്കുന്നത് പെപ് ഗാർഡിയോളയെയാണ്. രണ്ട് പേർക്കും ഒട്ടേറെ സാമ്യതകൾ ഉണ്ട്.ടീമിന്റെ സ്ഥിരത നിലനിർത്താൻ അവർക്ക് കഴിയുന്നു. യുവ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും രണ്ടുപേരും മികവ് കാണിക്കുന്നു. ഒരിക്കലും പിറകോട്ട് പോവാത്ത പരിശീലകരാണ് ഇവർ രണ്ടുപേരും ” ഇതാണ് സ്‌കലോണിയെ പരിശീലിപ്പിച്ച പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇടക്കാലത്ത് സ്‌കലോണി അർജന്റീന ടീമിൽ നിന്നും പുറത്തു പോയേക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അതെല്ലാം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ദീർഘകാലം സ്‌കലോണി അർജന്റീനയുടെ പരിശീലകനായി കൊണ്ട് ഉണ്ടാകും എന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.