ആഞ്ചലോട്ടിയോട് പറഞ്ഞിട്ടുണ്ട്, ചില തമാശകൾ സത്യമാവാം : ബ്രസീലിന്റെ പരിശീലകസ്ഥാനത്തെക്കുറിച്ച് റോഡ്രിഗോ പറയുന്നു!

ഖത്തർ വേൾഡ് കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ പരിശീലക സ്ഥാനം രാജി വെച്ചിരുന്നു. പുതിയ ഒരു സ്ഥിര പരിശീലകനെ ഇതുവരെ നിയമിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ബ്രസീലിന്റെ അണ്ടർ 20 പരിശീലകനായിരുന്ന റാമോൺ മെനസസാണ് ഇപ്പോൾ ബ്രസീലിന്റെ താൽക്കാലിക പരിശീലകനായി കൊണ്ട് ചുമതലയേറ്റിരിക്കുന്നത്.

ബ്രസീലിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി എത്താൻ വളരെ വലിയ സാധ്യതയുണ്ട് എന്നുള്ള കാര്യം ഗോൾ കീപ്പറായ എടേഴ്സൺ ഈയിടെ പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന രൂപത്തിലുള്ള ഒരു പ്രസ്താവനയാണ് ഇപ്പോൾ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. തമാശ രൂപേണ കാർലോ ആഞ്ചലോട്ടിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ചില തമാശകൾ സത്യമാവാറുണ്ട് എന്നുമാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ബ്രസീലിൽ കാത്തിരിക്കുകയാണ് എന്നുള്ളത് തമാശരൂപേണ കാർലോ ആഞ്ചലോട്ടിയോട് പറഞ്ഞിരുന്നു. അപ്പോൾ തമാശ രീതിയിൽ തന്നെയാണ് അദ്ദേഹം ഞങ്ങൾക്ക് മറുപടി നൽകിയത്. നമുക്ക് ഒരുമിച്ച് ബ്രസീലിന്റെ സ്‌ക്വാഡിനെ തിരഞ്ഞെടുക്കാം എന്നായിരുന്നു ആഞ്ചലോട്ടി പറഞ്ഞിരുന്നത്. തമാശയാണെങ്കിലും ചില തമാശകളിൽ കുറച്ചൊക്കെ സത്യം ഉണ്ടാവാറുണ്ട്. ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് വളരെ ഗൗരവപൂർവ്വം പരിഗണിക്കുന്ന പരിശീലകരിൽ ഒരാളാണ് അദ്ദേഹം. ഒരു ഗ്രൂപ്പിനെ എങ്ങനെ മാനേജ് ചെയ്യണം എന്നുള്ളത് കൃത്യമായും വ്യക്തമായും അദ്ദേഹത്തിന് അറിയാം ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.

നിലവിൽ ആഞ്ചലോട്ടി റയൽ മാഡ്രിഡ് പരിശീലകനാണ്. ഈ സീസണിന് ശേഷം അദ്ദേഹം റയൽ മാഡ്രിഡ് വിടാൻ സാധ്യതകൾ ഏറെയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ അദ്ദേഹം ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!