ലയണൽ മെസ്സി അർജന്റീന ടീമിൽ നിന്നും ഇടവേള എടുക്കുന്നതായി വാർത്ത!
തകർപ്പൻ പ്രകടനമാണ് അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും വേൾഡ് കപ്പിന് ശേഷവും മെസ്സി ഗോൾ അടിച്ചു കൂട്ടുന്ന തിരക്കിലാണ്. അർജന്റീന ദേശീയ ടീമിലെ ഏറ്റവും മനോഹരമായ സമയത്തിലൂടെയാണ് മെസ്സി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായ ഒരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് ലയണൽ മെസ്സി അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും ഒരു ഇടവേള എടുക്കാൻ വേണ്ടി ഇപ്പോൾ ആലോചിക്കുന്നുണ്ട്. അദ്ദേഹം ഇതിനോടകം തന്നെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോടും AFA യോടും ഇക്കാര്യം പറഞ്ഞു എന്നാണ് മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സിയുടെ ഈ ആവശ്യം അവർക്ക് സർപ്രൈസായെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Lionel Messi 'might quit international duty with Argentina for a year' ❌ https://t.co/hYVAMyPU7G
— Mail Sport (@MailSport) June 25, 2023
ചിലപ്പോൾ ഒരു വർഷത്തേക്ക് വരെ ലയണൽ മെസ്സി ബ്രേക്ക് എടുക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ അടുത്ത കോപ്പ അമേരിക്കയിൽ മാത്രമായിരിക്കും മെസ്സിയെ നമുക്ക് അർജന്റീന ടീമിൽ കാണാൻ കഴിയുക. ഈ ട്രാൻസ്ഫർ ജാലകത്തിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് മെസ്സി എത്തിയിരുന്നു. പുതിയ സ്ഥലത്തോടും ക്ലബ്ബിനോടും പൊരുത്തപ്പെടാൻ മെസ്സിക്ക് സമയം ആവശ്യമുണ്ട്. മാത്രമല്ല ആദ്യത്തെ വർഷം മിയാമിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ മെസ്സിക്ക് ആഗ്രഹമുണ്ട്. ഇതുകൊണ്ടൊക്കെയാണ് മെസ്സി ബ്രേക്ക് എടുക്കാൻ ആഗ്രഹിക്കുന്നത് എന്നാണ് മിറർ റിപ്പോർട്ടർ ചെയ്തിരിക്കുന്നത്.
പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യലായി കൊണ്ടുള്ള യാതൊരുവിധ സ്ഥിരീകരണങ്ങളും വന്നിട്ടില്ല.മാത്രമല്ല മെസ്സി ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് അർജന്റീന ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആ ഒരു ഘട്ടത്തിൽ ഇത്രയും വലിയ ഒരു ബ്രേക്ക് മെസ്സി എടുക്കുമോ എന്നുള്ളതൊക്കെ സംശയം ഉണർത്തുന്ന ഒരു കാര്യമാണ്.മിററിനെ ഉദ്ധരിച്ചുകൊണ്ടാണ് ഗോൾ ഡോട്ട് കോം അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മിററിന്റെ ഈ വാർത്ത എത്രത്തോളം യാഥാർത്ഥ്യമാണ് എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.