റയലിനും സിറ്റിക്കും പിഎസ്ജിക്കും വേണം,എന്നാൽ മെസ്സിയുടെ വഴിയെ ബാഴ്സയിലെത്താനാണ് ആഗ്രഹമെന്ന് എച്ചവേരി!
കേവലം 17 വയസ്സ് മാത്രമുള്ള അർജന്റൈൻ വണ്ടർ കിഡ് ക്ലോഡിയോ എച്ചവേരിയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. അണ്ടർ 17 വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. ആ മൂന്ന് ഗോളുകളും പിറന്നത് എച്ചവേരിയുടെ ബൂട്ടിൽ നിന്നാണ്. തകർപ്പൻ പ്രകടനമായിരുന്നു താരം മത്സരത്തിൽ പുറത്തെടുത്തിരുന്നത്.
അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടിയാണ് ഇദ്ദേഹം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകൾക്കും ഈ താരത്തിൽ താല്പര്യമുണ്ട്. മാഞ്ചസ്റ്റർ സിറ്റി നേരത്തെ തന്നെ ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചവരാണ്. ഇപ്പോൾ റയൽ മാഡ്രിഡും പിഎസ്ജിയും അദ്ദേഹത്തിന് വേണ്ടി മുന്നോട്ടു വന്നിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പക്ഷേ ഈ താരത്തിന് ബാഴ്സലോണക്ക് വേണ്ടി കളിക്കാനാണ് ആഗ്രഹം.ഇത് എച്ചവേരി തന്നെ തുറന്നു പറഞ്ഞിരുന്നു.മെസ്സിയുടെ പാത പിൻപറ്റാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.എച്ചവേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Claudio Echeverri vs Brasil.pic.twitter.com/wZo6hNEdXT
— Santiago (@Santice_) November 24, 2023
” റിവർ പ്ലേറ്റിനെ പോലെ തന്നെ,ഞാൻ ബാഴ്സലോണക്ക് വേണ്ടിയും കളിക്കാൻ ആഗ്രഹിക്കുന്നു.ഞാൻ ലയണൽ മെസ്സിയുടെ വലിയ ഒരു ആരാധകനാണ്.അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന മത്സരങ്ങൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ എന്റെ ഉള്ളിൽ കയറി കൂടിയ ടീമാണ് ബാഴ്സലോണ ” ഇതായിരുന്നു എച്ചവേരി നേരത്തെ പറഞ്ഞിരുന്നത്.
നിലവിൽ ബാഴ്സലോണ അദ്ദേഹത്തിനുവേണ്ടി രംഗത്ത് വന്നിട്ടില്ല. പക്ഷേ അവർ മുന്നോട്ടു വന്നു കഴിഞ്ഞാൽ അവർക്ക് സാധ്യതകൾ വർദ്ധിക്കും. എന്നിരുന്നാലും മറ്റു വമ്പന്മാർ എല്ലാവരും ഈ താരത്തിന് ശ്രമങ്ങൾ തുടർന്നേക്കും. നെക്സ്റ്റ് മെസ്സി എന്നുള്ള വിശേഷണം ഇപ്പോൾ തന്നെ എച്ചവേരിക്ക് അർജന്റീനയിൽ നിന്നും ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.