റഫറിയെ തെറിവിളിച്ചു,ആക്രമണത്തിന് പ്രേരിപ്പിച്ചു,അഗ്വേറോക്കെതിരെ അന്വേഷണം!

കഴിഞ്ഞ ഏപ്രിൽ 12ആം തീയതി അർജന്റൈൻ ലീഗിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്റിപെന്റിയന്റയും റേസിംഗ് ക്ലബ്ബും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരം 1-1 എന്ന സ്കോറിന് സമനിലയിൽ അവസാനിക്കുകയായിരുന്നു.അർജന്റൈൻ സൂപ്പർ താരമായിരുന്ന സെർജിയോ അഗ്വേറോ തന്റെ കരിയർ ആരംഭിച്ച ക്ലബ്ബാണ് ഇന്റിപെന്റിയന്റെ. എന്നാൽ ഈ മത്സരത്തിനിടയിൽ റേസിങ്ങിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത് അഗ്വേറോയെ ദേഷ്യം പിടിപ്പിക്കുകയായിരുന്നു.

ട്വിച്ചിൽ ലൈവ് പ്രോഗ്രാം നടത്തിക്കൊണ്ടിരുന്ന അഗ്വേറോ റഫറിയെ തെറി വിളിക്കുകയായിരുന്നു. മാത്രമല്ല രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. റേസിങ്ങിന് പെനാൽറ്റി അനുകൂലമായി നൽകിയപ്പോൾ അഗ്വേറോ റഫറിക്കെതിരെ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.

“എങ്ങനെയാണ് റഫറിക്ക് ആ പെനാൽറ്റി നൽകാൻ സാധിക്കുക. എന്താണ് അവന്റെ വൃത്തികെട്ട പേര്.ഫാൽക്കൻ പെരസ്..ഞാൻ പറയുന്നത് കേൾക്കൂ.നിങ്ങളുടെ പേര് തന്നെ ഒരു ദുരന്തമാണ്.ബോക്സിന് വെളിയിൽ നിന്നാണ് ആ ഫൗൾ ആരംഭിക്കുന്നത്. അത് എങ്ങനെയാണ് പെനാൽറ്റി ആവുക? ഈ തടിയനെ ചവിട്ടി പുറത്തിടുകയാണ് വേണ്ടത് ” ഇതായിരുന്നു അഗ്വേറോ പറഞ്ഞിരുന്നത്.

എന്നാൽ ഇത് വലിയ വിവാദമായിട്ടുണ്ട്.സ്പോർട്സിലെ ആക്രമണ സംഭവങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഏജൻസി ഈ വിഷയത്തിൽ ഇപ്പോൾ അഗ്വേറോക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഫറിയെ ആക്രമിക്കാൻ പ്രേരണ നൽകി എന്ന ആരോപണത്തിൻ മേലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.ഈ വിഷയത്തിൽ അഗ്വേറോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന് ശിക്ഷ നടപടികൾ നേരിടേണ്ടി വരും.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമായിരുന്നു ഫുട്ബോളിൽ നിന്നും നേരത്തെ തന്നെ അഗ്വേറോ വിരമിച്ചത്. ഇപ്പോൾ ട്വിച്ച് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *