രക്ഷകനായി എമി മാർട്ടിനെസ്, അർജന്റീന ഫൈനലിൽ!
അർജന്റീനയുടെ രക്ഷകനായി എമി മാർട്ടിനെസ് അവതരിച്ചപ്പോൾ അർജന്റീന കോപ്പ അമേരിക്കയുടെ ഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന കൊളംബിയയെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയിൽ കലാശിക്കുകയായിരുന്നു. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മൂന്ന് കൊളംബിയൻ താരങ്ങളുടെ പെനാൽറ്റി തടഞ്ഞു കൊണ്ട് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് രക്ഷകനാവുകയായിരുന്നു. ഫൈനലിൽ ബ്രസീലും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുക.
Emiliano Martinez received his first Argentina cap last month.
— Goal (@goal) July 7, 2021
After making THREE shootout saves in the Copa America semi-final, he's their Superman. pic.twitter.com/IXj1VcTNur
മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ലൗറ്ററോ മാർട്ടിനെസിലൂടെ അർജന്റീന ലീഡ് നേടിയിരുന്നു.മെസ്സിയാണ് ഇതിന് അസിസ്റ്റ് നൽകിയത്.എന്നാൽ ഗോൾ വഴങ്ങിയതിന് ശേഷം കൊളംബിയ ആക്രമണങ്ങൾ കടുപ്പിച്ചു.മത്സരത്തിന്റെ 62-ആം മിനുട്ടിൽ കാർഡോണയുടെ അസിസ്റ്റിൽ നിന്നും ലൂയിസ് ഡിയാസാണ് സമനില ഗോൾ നേടിയത്. പിന്നീട് ഗോൾ നേടാനാവാതെ വന്നതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി.കൊളംബിയക്ക് വേണ്ടി പെനാൽറ്റി എടുത്ത ക്വഡ്രാഡോയും ബോർജയും ലക്ഷ്യം കണ്ടെങ്കിലും സാഞ്ചസ്, മിന, കാർഡോണ എന്നിവരുടെ പെനാൽറ്റി എമി മാർട്ടിനെസ് തടയുകയായിരുന്നു.അർജന്റീനക്ക് വേണ്ടി റോഡ്രിഗോ ഡി പോൾ പെനാൽറ്റി പാഴാക്കിയെങ്കിലും മെസ്സി, പരേഡസ്,മാർട്ടിനെസ് എന്നിവർ ലക്ഷ്യം കണ്ടതോടെ അർജന്റീന ഫൈനലിലേക്ക് ടിക്കറ്റ് നേടുകയായിരുന്നു.