യോഗ്യത നേടി, അർജന്റീനയുടെ വേൾഡ് കപ്പിനുള്ള മുന്നൊരുക്കം ഇങ്ങനെ!

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും അർജന്റീന ഖത്തർ വേൾഡ് കപ്പിനുള്ള യോഗ്യത ഉറപ്പിച്ചിരുന്നു. ചിലിയെ ഇക്വഡോർ പരാജയപ്പെടുത്തിയതോട് കൂടിയാണ് അർജന്റീന ഈ വർഷം തന്നെ വേൾഡ് കപ്പ് യോഗ്യത ഉറപ്പിച്ചത്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം 2021 മികച്ച ഒരു വർഷമാണ്. ദീർഘകാലത്തെ കിരീടവരൾച്ചക്ക്‌ കോപ്പ അമേരിക്കയിലൂടെ അർജന്റീന വിരാമമിട്ടത് ഈ വർഷമായിരുന്നു.ഇനി മുതൽ അർജന്റീന വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പിലായിരിക്കും.

4 യോഗ്യത മത്സരങ്ങളാണ് ഇനി അർജന്റീനക്ക്‌ അവശേഷിക്കുന്നത്.ജനുവരിയിലും ഫെബ്രുവരിയിലുമായി നടക്കുന്ന മത്സരത്തിൽ ചിലിയും കൊളംബിയയുമാണ് അർജന്റീനയുടെ എതിരാളികൾ. മാർച്ചിൽ നടക്കുന്ന വെനിസ്വേല, ഇക്വഡോർ എന്നിവരെ അർജന്റീന നേരിടും. ഇതോടെ കോൺമെബോളിന്റെ യോഗ്യത മത്സരങ്ങൾ അവസാനിക്കും.

പിന്നീട് അർജന്റീന ജൂണിലാണ് രണ്ട് മത്സരങ്ങൾ കളിക്കുക. അതിലൊന്ന് നിലവിലെ യൂറോ ചാമ്പ്യൻമാരായ ഇറ്റലിക്കെതിരെയായിരിക്കും. ഒരുപക്ഷെ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഈ മത്സരം അരങ്ങേറുക. പിന്നീട് ഒരു മത്സരം കൂടി അർജന്റീന ജൂണിൽ കളിക്കും. ഒരു യൂറോപ്യൻ ടീമായിരിക്കും എതിരാളികൾ. ആരായിരിക്കുമെന്നുള്ളത് നിശ്ചയിക്കപ്പെട്ടിട്ടില്ല.

പിന്നീട് വേൾഡ് കപ്പിന് തൊട്ട് മുന്നേ സെപ്റ്റംബറിലാണ് അർജന്റീന രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുക. എതിരാളികളെ നിശ്ചയിച്ചിട്ടില്ല. ഇതിന് ശേഷം നവംബറിലാണ് വേൾഡ് കപ്പ് മത്സരങ്ങൾക്ക്‌ തുടക്കമാവുക.

ഏതായാലും നിലവിൽ അപരാജിത കുതിപ്പ് നടത്തി കൊണ്ടിരിക്കുകയാണ് അർജന്റീന. സ്കലോണിക്ക്‌ കീഴിലുള്ള അർജന്റീനയിൽ വലിയ പ്രതീക്ഷകളാണ് ആരാധകർ വെച്ച് പുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *