മെസ്സി റെഡി,അർജന്റീന ട്രെയിനിങ് ക്യാമ്പിലെ വിശേഷങ്ങൾ!

രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ഈ ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അർജന്റീനയിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. അതിനുശേഷം നടക്കുന്ന മത്സരത്തിൽ അർജന്റീനയും ബൊളീവിയയും തമ്മിലാണ് ഏറ്റുമുട്ടുക.ബൊളീവിയയിലെ ലാ പാസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലനങ്ങൾ ഇപ്പോൾ അർജന്റീന ടീം ആരംഭിച്ചിട്ടുണ്ട്. ഭൂരിഭാഗം താരങ്ങളും ഇപ്പോൾ ക്യാമ്പിൽ എത്തിയിട്ടുണ്ട്. ലയണൽ മെസ്സി കഴിഞ്ഞ ദിവസം ടീം ക്യാമ്പിൽ എത്തിയിരുന്നു.എന്നാൽ അദ്ദേഹം പരിശീലനം നടത്തിയിരുന്നില്ല.സൈഡ് ലൈനിൽ പരിശീലനം വീക്ഷിക്കാൻ ലയണൽ മെസ്സി ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം AFA പ്രസിഡണ്ട് ക്ലോഡിയോ ടാപ്പിയ,അർജന്റൈൻ ഇതിഹാസം ഹവിയർ മശെരാനോ എന്നിവരൊക്കെ ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.

നാല് ചെറിയ ഗ്രൂപ്പുകളാക്കി തരംതിരിച്ചു കൊണ്ടായിരുന്നു ഇന്നലെ പരിശീലനം നടത്തിയിരുന്നത്. ഇന്നലത്തെ പരിശീലനത്തിൽ സീനിയർ ടീമിനോടൊപ്പം പെഡ്രോ ലാ വേഗയും ട്രെയിനിങ് നടത്തിയിരുന്നു.അർജന്റീനയുടെ അണ്ടർ 23 താരം കൂടിയാണ് പെഡ്രോ. കൂടാതെ അർജന്റീനയുടെ അണ്ടർ 23 ടീമിലെ മറ്റു ചില താരങ്ങൾ കൂടി സീനിയർ ടീമിനോടൊപ്പം പരിശീലനം നടത്തും എന്നുള്ള സൂചനകളുമുണ്ട്. വേൾഡ് കപ്പ് യോഗ്യത മത്സരമായതിനാൽ പ്രധാനപ്പെട്ട നിരയെ തന്നെ സ്കലോണി ഇക്വഡോറിനെതിരെ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വേൾഡ് കപ്പ് ജേതാക്കളായതിനുശേഷം അർജന്റീന സൗഹൃദ മത്സരങ്ങളാണ് കളിച്ചിരുന്നത്. കളിച്ച നാല് സൗഹൃദ മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. വേൾഡ് കപ്പിനു ശേഷം ഒരൊറ്റ ഗോൾ പോലും അർജന്റീന വഴങ്ങിയിട്ടില്ല എന്നത് ആരാധകർക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഒന്നാം റാങ്കുക്കാരായ അർജന്റീന വരുന്ന രണ്ടു മത്സരങ്ങളിലും തകർപ്പൻ വിജയമാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *