മെസ്സി മിയാമിയിൽ, വളഞ്ഞ് ആരാധകകൂട്ടം!

ഈ കോപ്പ അമേരിക്കക്ക്‌ മുന്നേ മെസ്സി തന്റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളിലൊന്ന് വെളിപ്പെടുത്തിയിരുന്നു. അത് മറ്റൊന്നുമല്ലായിരുന്നു, അർജന്റീനക്കൊപ്പം ഒരു കിരീടം നേടുക എന്നതായിരുന്നു മെസ്സിയുടെ സ്വപ്നം. ആ സ്വപ്നം സാക്ഷാൽക്കാരമാക്കിയതിന്റെ ആഘോഷത്തിലാണിപ്പോൾ സൂപ്പർ താരം. റൊസാരിയോയിൽ നിന്നും അമേരിക്കയിലെ മിയാമിയിലേക്ക് കുടുംബസമേതം മെസ്സി എത്തിയിട്ടുണ്ട്. മിയാമിയിലാണ് മെസ്സി അവധി ആഘോഷങ്ങൾ നടത്തുന്നത്. താരത്തിന് ഇവിടെ സ്വന്തമായി ഒരു വീടുമുണ്ട്. താരവും കുടുംബവും മിയാമിയിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ താരത്തിന്റെ ഭാര്യയായ അന്റോണെല്ല തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ചിത്രവും അത്പോലെ തന്നെ മെസ്സി സൺബാത്ത് നടത്തുന്ന ചിത്രവുമാണ് ഇവർ പങ്കുവെച്ചിട്ടുള്ളത്.

അതേസമയം മെസ്സിയെ കാണാനെത്തിയ വമ്പൻ ആരാധകകൂട്ടത്തിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഒരു കഫേയിൽ നിന്നും പുറത്തിറങ്ങിയ മെസ്സിയെ ആരാധകകൂട്ടം വളയുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് മെസ്സിയുടെ സുരക്ഷാഉദ്യോഗസ്ഥർ മെസ്സിയെ ആൾക്കൂട്ടത്തിൽ നിന്നും പുറത്തെത്തിച്ചത്. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ആണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

അതേസമയം മെസ്സി എപ്പോൾ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് വ്യക്തമല്ല. നിലവിൽ ഫ്രീ ഏജന്റായ മെസ്സി ഔദ്യോഗികമായി പുതിയ കരാറിൽ ഒപ്പ് വെച്ചിട്ടില്ല. അതേസമയം മെസ്സി അഞ്ച് വർഷത്തേക്ക് പുതിയ കരാറിൽ ഒപ്പ് വെക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. പുതിയ കരാറിൽ ഏർപ്പെട്ടതിന് ശേഷം പ്രീ സീസൺ മത്സരങ്ങളിൽ മെസ്സി ബാഴ്‌സക്ക്‌ വേണ്ടി കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *