മെസ്സി ബാഴ്‌സയിൽ തന്നെ തുടരുന്നത് അർജന്റീനക്ക്‌ ഗുണകരമായ കാര്യം, സ്കലോണിക്ക്‌ പറയാനുള്ളത് ഇങ്ങനെ !

സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു ട്രാൻസ്ഫർ ജാലകമാണ് ഈ വർഷം കടന്നു പോയത്. തന്റെ ഇരുപത് വർഷത്തെ ബാഴ്‌സ കരിയറിൽ താരം ആദ്യമായി ക്ലബ് വിടാനുള്ള ആഗ്രഹം പരസ്യമായി തന്നെ പ്രകടിപ്പിച്ചു എന്നുള്ളതാണ് ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രത്യേകത. എന്നാൽ ഏറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കുമൊടുവിൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെ പ്രതിസന്ധികൾ കെട്ടടങ്ങി. ഏതായാലും തന്റെ ഭാഗത്തും പിഴവുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം ബാഴ്‌സയുടെ നല്ലതിന് വേണ്ടിയാണെന്നും മെസ്സി പിന്നീട് തുറന്നു പറഞ്ഞിരുന്നു. ഏതായാലും ഇപ്പോഴിതാ മെസ്സി ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിച്ച കാര്യത്തെ പിന്തുണച്ചിരിക്കുകയാണ് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി. താരം ബാഴ്സയിൽ തുടരുന്നത് അർജന്റീനക്ക്‌ പോസിറ്റീവ് ആയ കാര്യമാണ് എന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്നലെ നടന്ന അഭിമുഖത്തിലാണ് സ്കലോണി ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. നിലവിൽ അർജന്റീന ടീമിനൊപ്പമാണ് മെസ്സി. ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകൾക്കെതിരെയാണ് മെസ്സിയും സംഘവും യോഗ്യത മത്സരങ്ങൾ കളിക്കുന്നത്.

” എല്ലാം പ്രശ്നങ്ങൾക്കും പരിഹാരമായതിന് ശേഷം ഞാൻ ലയണൽ മെസ്സിയുമായി സംസാരിച്ചിരുന്നു. വളരെയധികം ശാന്തതയോടെയും സമാധാനപരമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. അദ്ദേഹം അർജന്റീനയിൽ എത്തിയ ശേഷം അദ്ദേഹവുമായി ദീർഘസംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹം ഇവിടെ എത്തിചേർന്നതിൽ സന്തോഷവാനാണ്. കൂടാതെ അദ്ദേഹം ക്ലബ്ബിൽ നല്ല രീതിയിലുമാണ്. ഞങ്ങൾ ആഗ്രഹിക്കുന്നത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകാനാണ്. അദ്ദേഹം പൂർണ്ണസജ്ജനായി കളിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം ബാഴ്‌സയിൽ തന്നെ തുടരുന്നത് ഞങ്ങൾക്ക് ഗുണകരമായ കാര്യമാണ്. കാരണം അദ്ദേഹത്തിന് പെട്ടന്ന് കളിക്കാൻ കഴിയും. അദ്ദേഹത്തിന് ക്ലബ്ബിനെ അറിയാം. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ ഞങ്ങൾ ഒരിക്കലും ഇടപെടില്ല. ഞങ്ങൾ ഒരിക്കലും ഒരു താരത്തിന്റെ അവകാശങ്ങളിലേക്ക് കടന്നു ചെല്ലാൻ ഉദ്ദേശിക്കുന്നില്ല ” സ്കലോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *