മെസ്സി, പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്ഫർ : മനസ്സ് തുറന്ന് റൊമേറോ!

ഈ കഴിഞ്ഞ സീസണിൽ അറ്റലാന്റക്ക്‌ വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ക്രിസ്റ്റ്യൻ റൊമേറോ. കഴിഞ്ഞ ഇറ്റാലിയൻ സിരി എയിലെ ഏറ്റവും മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഈ ഇരുപത്തിമൂന്നുകാരൻ. കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയുടെ നിർണായകസാന്നിധ്യമാവാനും റൊമേറോക്ക്‌ കഴിഞ്ഞിരുന്നു. പരിക്കിന്റെ അസ്വസ്ഥതകൾ നിലനിൽക്കെയായിരുന്നു താരം ബ്രസീലിനെതിരെയുള്ള ഫൈനൽ കളിച്ചിരുന്നത്. ഏതായാലും ലയണൽ മെസ്സിക്കൊപ്പം കളിക്കാനായതിലും കിരീടം നേടാനായതിലുമുള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് റൊമേറോ. അദ്ദേഹത്തിന്റെ വാക്കുകൾ ടിവൈസി സ്‌പോർട്സ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ മെസ്സിയെ അവിടെ വെച്ചാണ് കണ്ടുമുട്ടിയത്.അദ്ദേഹത്തോടൊപ്പം പരിശീലനം നടത്താനും കാര്യങ്ങൾ പങ്കുവെക്കാനുമുള്ള അതിയായ ആവേശത്തിലായിരുന്നു ഞാൻ.എന്നെ സംബന്ധിച്ചിടത്തോളം അർജന്റീന ടീമിലേക്കുള്ള എന്റെ പ്രവേശനം ഒരു സ്വപ്നതുല്യമായിരുന്നു.മെസ്സിയുൾപ്പെടുന്ന താരങ്ങൾ എല്ലാം ഏറെ സ്നേഹത്തോടെയാണ് ഇടപഴകിയത്. അത്കൊണ്ട് എനിക്ക് ദേശീയ ടീമുമായി പെട്ടന്ന് ഇണങ്ങി ചേരാൻ സാധിച്ചു ” ഇതാണ് റൊമേറോ മെസ്സിയെ കുറിച്ച് പറഞ്ഞത്.

അതേസമയം റൊമേറോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടുന്ന ഒട്ടേറെ പ്രീമിയർ ലീഗ് ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്. ഇതേകുറിച്ചും താരം പ്രതികരിച്ചിട്ടുണ്ട്. ട്രാൻസ്ഫറിനെ കുറിച്ച് റൊമേറോ പറഞ്ഞത് ഇങ്ങനെയാണ്. ” ഒരു മികച്ച ലെവലിൽ ഉള്ള ക്ലബ്‌ വരികയാണെങ്കിൽ അത് എനിക്കും ദേശീയ ടീമിനും ഗുണം ചെയ്യുന്ന കാര്യമാണ്. എന്തെന്നാൽ എന്തെന്നാൽ എനിക്ക് വളരാനും പുരോഗതി കൈവരിക്കാനും അത് വഴി സാധിക്കും.ഞാൻ അക്കാര്യം പരിഗണിക്കും.ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ് പ്രീമിയർ ലീഗ്.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ദേശീയ ടീമിനാണ്. എന്തെന്നാൽ ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ വരാനിരിക്കുന്നുണ്ട് ” റൊമേറോ പറഞ്ഞു. ഏതായാലും റൊമേറോ അർജന്റീന ടീമിന് ഒരു മുതൽകൂട്ടാവുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *