മെസ്സി പെനാൽറ്റി പാഴാക്കി,എമിയുടെ മികവിൽ അർജന്റീന സെമിയിൽ!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്.ഇതോടെ കോപ്പ അമേരിക്കയുടെ സെമിഫൈനലിൽ പ്രവേശിക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.
ലയണൽ മെസ്സി മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിരുന്നു.കൂടെ ലൗറ്ററോ മാർട്ടിനസ്,നിക്കോ ഗോൺസാലസ് എന്നിവരാണ് ഉണ്ടായിരുന്നത്.മത്സരത്തിന്റെ തുടക്കത്തിൽ ഒരല്പം ബുദ്ധിമുട്ട് അർജന്റീന കാണിച്ചിരുന്നു. പക്ഷേ പിന്നീട് അവർ ട്രാക്കിലായി. മത്സരത്തിന്റെ 35ആം മിനുട്ടിലാണ് അർജന്റീനയുടെ വിജയ ഗോൾ പിറന്നത്.ലിസാൻഡ്രോ ഹെഡറിലൂടെയാണ് ഗോൾ നേടിയത്.
മാക്ക് ആല്ലിസ്റ്ററുടെ പേരിലാണ് ഈ അസിസ്റ്റ് ഉള്ളത്. പിന്നീട് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇക്വഡോറിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു.എന്നാൽ അത് അവർ പാഴാക്കുകയായിരുന്നു.ഇന്നർ വലൻസിയയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ച് മടങ്ങുകയാണ് ചെയ്തത്. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ ഇക്വഡോർ ഗോൾ നേടുകയായിരുന്നു. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
അർജന്റീനക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചു. അദ്ദേഹത്തിന്റെ പനെങ്ക കിക്ക് ലക്ഷ്യം കാണാതെ പോവുകയായിരുന്നു. പക്ഷേ ഇക്വഡോറിന്റെ രണ്ട് താരങ്ങളുടെ കിക്ക് എമി സേവ് ചെയ്യുകയായിരുന്നു. ഇതിന്റെ ഫലമായി കൊണ്ട് അർജന്റീന വിജയിക്കുകയും സെമിയിൽ പ്രവേശിക്കുകയും ചെയ്തു.
ഇനി വെനിസ്വേലയും കാനഡയും തമ്മിൽ ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടം കളിക്കുന്നുണ്ട്.ആ മത്സരത്തിൽ വിജയിക്കുന്നവരെയാണ് അർജന്റീന നേരിടുക.സെമിയിലും വിജയിച്ച് അർജന്റീന ഫൈനലിൽ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.