മെസ്സി ഖത്തറിൽ എത്തുന്നത് തകർപ്പൻ കണക്കുകളുമായി !

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരാളികളായ ഓക്സെയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി കളിച്ചിരുന്നുവെങ്കിലും ഗോൾ പങ്കാളിത്തങ്ങൾ നേടാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല മത്സരത്തിന്റെ 75ആം മിനുട്ടിൽ അദ്ദേഹത്തെ പിൻവലിക്കുകയും ചെയ്തിരുന്നു. ഇനി അർജന്റീനക്ക് വേണ്ടി ഖത്തർ വേൾഡ് കപ്പാണ് ലയണൽ മെസ്സിയുടെ മുന്നിലുള്ള ലക്ഷ്യം.

ഖത്തർ വേൾഡ് കപ്പിന് മികച്ച നിലയിലാണ് ലയണൽ മെസ്സി എത്തുന്നത് എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.ഈ വർഷം, പ്രത്യേകിച്ച് ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.ഈ വർഷം ആകെ 43 മത്സരങ്ങളാണ് ലയണൽ മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 27 ഗോളുകളും 26 അസിസ്റ്റുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്. അതായത് ആകെ 53 ഗോൾ പങ്കാളിത്തങ്ങൾ.

35 ആം വയസ്സിലും ലയണൽ മെസ്സി വളരെയധികം മികവോടുകൂടിയാണ് കളിക്കുന്നത് എന്നുള്ളതിന് ഉദാഹരണമാണ് ഈ കണക്കുകൾ. അതുകൊണ്ടുതന്നെ മെസ്സി എന്ന നായകനിൽ തന്നെയാണ് അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത്.

ഇനി മുൻകാല വേൾഡ് കപ്പുകളിലേക്ക് മെസ്സി എങ്ങനെയാണ് എത്തിയത് എന്നുള്ളത് കൂടി നമുക്കൊന്ന് പരിശോധിക്കാം.2006 വേൾഡ് കപ്പിന് മുന്നേയുള്ള സീസണിൽ മെസ്സി ആകെ 25 മത്സരങ്ങളായിരുന്നു കളിച്ചിരുന്നത്. അതിൽ നിന്ന് എട്ടു ഗോളുകളും 5 അസിസ്റ്റുകളുമായിരുന്നു താരത്തിന്റെ സമ്പാദ്യം.

2010 വേൾഡ് കപ്പിന് മുന്നേയുള്ള ആകെ 53 മത്സരങ്ങൾ ആയിരുന്നു മെസ്സി കളിച്ചിരുന്നത്.അതിൽ നിന്ന് 46 ഗോളുകളും 12 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 2014 വേൾഡ് കപ്പിന് മുന്നേ 46 മത്സരങ്ങൾ കളിച്ച മെസ്സി 41 ഗോളുകളും 12 അസിസ്റ്റുകളും കരസ്ഥമാക്കി.

2018 വേൾഡ് കപ്പിന് മുന്നേയുള്ള സീസണിൽ മെസ്സി 54 മത്സരങ്ങൾ കളിക്കുകയും 45 ഗോളുകളും 20 അസിസ്റ്റുകളും നേടുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ എല്ലായിപ്പോഴും വളരെ മികച്ച രൂപത്തിലാണ് മെസ്സി ഓരോ വേൾഡ് കപ്പിനും എത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *