മെസ്സി എന്ത് ചെയ്യുമെന്നുള്ളത് നമുക്കൊരിക്കലും അറിയാൻ സാധിക്കില്ല :റിക്വൽമി പറയുന്നു!
കരിയറിന്റെ തുടക്കകാലത്ത് മെസ്സിക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത് അർജന്റീന ദേശീയ ടീമിന്റെ പേരിലായിരുന്നു. അർജന്റീനക്കൊപ്പം കിരീടങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് മെസ്സി മാത്രമായിരുന്നു. എന്നാൽ കരിയറിന്റെ ഈ അവസാന ഘട്ടത്തിൽ മെസ്സി അതിനെല്ലാം മറുപടി നൽകി. ഇന്ന് അർജന്റീനക്കൊപ്പം മെസ്സി നേടാത്തതായി ഒന്നുമില്ല. അതുകൊണ്ടുതന്നെ ഫുട്ബോൾ പൂർത്തിയാക്കിയ താരമായി കൊണ്ടാണ് പലരും ലയണൽ മെസ്സിയെ വിശേഷിപ്പിക്കുന്നത്.
അർജന്റൈൻ ഇതിഹാസമായ യുവാൻ റോമൻ റിക്വൽമി മെസ്സിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പിലും ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സി എന്ത് ചെയ്യും എന്നുള്ളത് നമുക്കൊരിക്കലും അറിയാൻ സാധിക്കില്ലെന്നും മെസ്സി സ്വയം നവീകരിക്കുന്ന ഒരു താരമാണെന്നും റിക്വൽമി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” മെസ്സി സ്വയം നവീകരിക്കപ്പെടുന്നത് തുടരുകയാണ്.മെസ്സി എന്താണ് ചെയ്യുക എന്നുള്ളത് നമുക്ക് ഒരിക്കലും അറിയില്ല.അടുത്ത വേൾഡ് കപ്പിൽ മെസ്സി കളിക്കും എന്ന കാര്യത്തിൽ എനിക്ക് യാതൊരുവിധ സംശയങ്ങളും ഇല്ല. അത് സംഭവിക്കാൻ വേണ്ടി നമ്മൾ നമ്മളാൽ കഴിയുന്നത് ചെയ്യേണ്ടതുണ്ട്.ഞാൻ അദ്ദേഹത്തെ കൂടുതൽ ശല്യപ്പെടുത്താറൊന്നുമില്ല. എന്നാൽ ഒരുപാട് സംസാരിക്കാറുണ്ട്. നിലവിൽ അദ്ദേഹം മികച്ച രൂപത്തിൽ തന്നെയാണ് ഉള്ളത്.അദ്ദേഹം വേൾഡ് കപ്പ് കളിക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. തീർച്ചയായും അദ്ദേഹം പോരാടാൻ ആഗ്രഹിക്കുന്നു.ഒരുപാട് കാര്യങ്ങൾ അദ്ദേഹം നേടി.ഇനിയും ഒരുപാട് സ്വന്തമാക്കാൻ മെസ്സി ആഗ്രഹിക്കുന്നു.ഈ മെന്റാലിറ്റിയാണ് അദ്ദേഹത്തെ കരുത്തനാക്കുന്നതും അതുല്യനാക്കുന്നതും ” ഇതാണ് റിക്വൽമി പറഞ്ഞിട്ടുള്ളത്.
നിലവിൽ പരിക്കിന്റെ പിടിയിലാണ് ലയണൽ മെസ്സി ഉള്ളത്.കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്. ഇപ്പോൾ ട്രെയിനിങ് പുനരാരംഭിക്കുവാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ തന്നെ മെസ്സി കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.