മെസ്സി എത്രത്തോളം ബുദ്ധിമുട്ടിയെന്ന് എനിക്കറിയാം: ഡി പോൾ
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയിച്ചത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികവാണ് അർജന്റീനയെ രക്ഷിച്ചത്.ലയണൽ മെസ്സി ഇന്ന് തീർത്തും നിറം മങ്ങുകയായിരുന്നു. മാത്രമല്ല അദ്ദേഹം പെനാൽറ്റി പാഴാക്കുകയും ചെയ്തു.
പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ മെസ്സി ഉണ്ടായിരുന്നില്ല. പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടില്ലെങ്കിലും മെസ്സി ഇന്ന് കളിക്കാൻ തീരുമാനിക്കുകയായിരുന്നു. മെസ്സി എത്രത്തോളം ബുദ്ധിമുട്ടി എന്നുള്ളത് തനിക്കറിയാമെന്നാണ് ഡി പോൾ ഇന്നത്തെ മത്സരത്തിനു ശേഷം പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ സാന്നിധ്യം തന്നെ അർജന്റീനക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഡി പോളിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സി ഇതൊരിക്കലും നിങ്ങളോട് പറഞ്ഞു എന്ന് വരില്ല. പക്ഷേ മെസ്സിയുടെ സാന്നിധ്യം ഞങ്ങൾക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. മെസ്സി അനുഭവിച്ച ബുദ്ധിമുട്ടുകൾ എനിക്കറിയാം. അദ്ദേഹം എടുത്ത എഫേർട്ടുകൾ ഞാൻ കണ്ടതാണ്.ഒരു മൂത്ത സഹോദരനെ പോലെയാണ് അദ്ദേഹം ഞങ്ങൾക്ക്.മെസ്സി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾ ആസ്വദിച്ചോളൂ,നിങ്ങൾ കളത്തിലേക്ക് മടങ്ങിയെത്താൻ വേണ്ടി എടുത്ത എഫേർട്ടുകൾ ഞങ്ങൾക്ക് വേണ്ടിയാണ്. കളിക്കളത്തിൽ നിങ്ങളെ കാണുമ്പോൾ തന്നെ ഞങ്ങൾക്ക് സുരക്ഷിതത്വമാണ് അനുഭവപ്പെടുന്നത്, ഇതാണ് ഞാൻ മെസ്സിയോട് പറഞ്ഞത്.മെസ്സിയെ പോലെ ഒരു നായകനെ ലഭിച്ചതിൽ എല്ലാ അർജന്റീനക്കാരും അഭിമാനിക്കണം ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്
ഈ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സിക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. പരിക്കിന്റെ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുമുണ്ട്.സെമി ഫൈനൽ മത്സരത്തിൽ അദ്ദേഹം പൂർവാധികം ശക്തിയോടുകൂടി തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാനഡയും വെനിസ്വേലയും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് അർജന്റീനയുടെ എതിരാളികളായി കൊണ്ടുവരിക.