മെസ്സി അത് അർഹിക്കുന്നു: അന്ന് പെലെ പറഞ്ഞത് ആന്റോണെലയെ അറിയിച്ച് പെലെയുടെ മകൾ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടുകൊണ്ടാണ് ബ്രസീൽ പുറത്തായത്. പക്ഷേ വേൾഡ് കപ്പ് കിരീടം ലാറ്റിനമേരിക്കയിലേക്ക് തന്നെ എത്തിയിരുന്നു.മറ്റൊരു വമ്പൻമാരായ അർജന്റീനയാണ് കിരീടം സ്വന്തമാക്കിയത്.ലയണൽ മെസ്സിയുടെ നായകത്വത്തിലാണ് അർജന്റീന കിരീടം ചൂടിയത്.

ബ്രസീലിയൻ ഇതിഹാസമായ പെലെ രോഗബാധിതനായി കൊണ്ട് ആശുപത്രിയിൽ ചിലവഴിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. വേൾഡ് കപ്പ് കിരീടം മെസ്സി നേടിയപ്പോൾ പെലെ സന്തോഷിച്ചിരുന്നു എന്നുള്ള കാര്യം അദ്ദേഹത്തിന്റെ മകളായ കെലി നാസിമെന്റോ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിനിടെ ലയണൽ മെസ്സിയുടെ ഭാര്യയായ അന്റോനെല്ലയെ കണ്ടുമുട്ടിയിരുന്നുവെന്നും ഇക്കാര്യം അവരെ അറിയിച്ചുവെന്നും പെലെയുടെ മകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യയായ അന്റോനെല്ലയെ ഞാൻ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം എന്റെ പിതാവിന് വേണ്ടി ബ്രസീൽ നേടാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു.പക്ഷേ ബ്രസീൽ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ പലരും ഹോസ്പിറ്റലിൽ എത്തിയിരുന്നു. ഇനി ആരെയാണ് പിന്തുണക്കുന്നതെന്നും അർജന്റീനയെ പിന്തുണക്കില്ലല്ലോ എന്നുമായിരുന്നു പലരും പെലെയോട് ചോദിച്ചിരുന്നത്. പക്ഷേ അദ്ദേഹം പറഞ്ഞത് അർജന്റീന എന്നാണ്. കിരീടം നിർബന്ധമായും ലാറ്റിനമേരിക്കയിൽ എത്തണമെന്നും ലയണൽ മെസ്സി അത് അർഹിക്കുന്നുവെന്നും പെലെ ആ സമയത്ത് പറഞ്ഞു.പലരും അതിനോട് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ മെസ്സി തന്നെയാണ് അർഹിക്കുന്നത് എന്നാണ് എന്റെ പിതാവ് ഉറപ്പിച്ച് പറഞ്ഞത്. വേൾഡ് കപ്പ് ഫൈനൽ കാണാൻ പെലെക്ക് സാധിച്ചിരുന്നില്ല. പക്ഷേ മെസ്സിയും അർജന്റീനയും കിരീടം നേടി എന്ന് അദ്ദേഹം മനസ്സിലാക്കിയപ്പോൾ അദ്ദേഹം സന്തോഷവാനായിരുന്നു ” പെലെയുടെ മകൾ പറഞ്ഞു.

ഡിസംബർ പതിനെട്ടാം തീയതി ആയിരുന്നു അർജന്റീനയും മെസ്സിയും വേൾഡ് കപ്പ് കിരീടം നേടിയത്. ഡിസംബർ 29 ആം തീയതിയാണ് പെലെ ലോകത്തോട് വിട പറഞ്ഞത്. ഫുട്ബോൾ ലോകത്തിന് വളരെയധികം ദുഃഖം നൽകിയ ഒരു കാര്യം കൂടിയായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *