മെസ്സിയൊഴികെയുള്ള ആരുടേയും സ്ഥാനം സുരക്ഷിതമല്ല, എമിലിയാനോ മാർട്ടിനെസ് പറയുന്നു!

കോപ്പ അമേരിക്കയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള ഒരുക്കത്തിലാണ് അർജന്റീന. ആദ്യമത്സരത്തിൽ ചിലിയോട് അർജന്റീന സമനില വഴങ്ങിയിരുന്നു. അത്കൊണ്ട് തന്നെ ജയം മാത്രമാണ് അർജന്റീനയുടെ ലക്ഷ്യമെങ്കിലും അതത്ര എളുപ്പമായേക്കില്ല. കരുത്തരായ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിന് മുന്നോടിയായി ഏറെ ആത്മവിശ്വാസത്തോട് കൂടി സംസാരിച്ചിരിക്കുകയാണ് അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ഉറുഗ്വയെ കീഴടക്കി പോയിന്റുകൾ സ്വന്തമാക്കി ക്വാർട്ടർ ഫൈനലിലേക്ക് കടക്കുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മാർട്ടിനെസ് അറിയിച്ചിട്ടുള്ളത്. മെസ്സി ഒഴികെയുള്ള ആരുടെയും സ്ഥാനം സുരക്ഷിതമല്ലെന്നും ടീമിൽ തുടരണമെങ്കിൽ എല്ലാം നൽകണമെന്നും മാർട്ടിനെസ് കൂട്ടിച്ചേർത്തു.

” അർജന്റീനയിൽ മെസ്സിയൊഴികെയുള്ള താരങ്ങളുടെ സ്ഥാനം നിർവചിക്കപ്പെട്ടിട്ടില്ല.അർജന്റീന ടീമിൽ കളിക്കുക എന്നുള്ളത് ചരിത്രപരമായ ഒരു കാര്യമാണ്.അത്കൊണ്ട് തന്നെ ടീമിൽ തുടരണമെങ്കിൽ ടീമിനായി എല്ലാം നൽകണം.ഓരോ മത്സരം കഴിയുംതോറും ഞാൻ കൂടുതൽ തയ്യാറായി വരികയാണ്.ഞാൻ കുട്ടിക്കാലം മുതൽ എന്ത് ചെയ്തുവോ അത്‌ തന്നെയാണ് ഇവിടെയും ചെയ്യാൻ ശ്രമിക്കുന്നത്.അതായത് ഞാൻ കളത്തിലേക്കിറങ്ങുമ്പോൾ ചുറ്റുമുള്ളതെല്ലാം മറന്ന് സ്വയം ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്.ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റുകൾ നേടിയെടുക്കണം. ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം.നിലവിൽ ഒരല്പം ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ഞങ്ങൾ.പക്ഷേ തെറ്റുകൾ തിരുത്തി മുന്നോട്ട് പോവാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു ” മാർട്ടിനെസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *