മെസ്സിയെ ഹാപ്പിയാക്കി നിർത്തുന്നതിൽ സ്കലോണി വിജയിച്ചു: പെക്കർമാൻ
ഇന്റർനാഷണൽ ഫുട്ബോളിൽ ഇന്ന് ഏറ്റവും മികച്ച രൂപത്തിൽ കളിക്കുന്ന ടീം ഏതാണ് എന്ന് ചോദിച്ചാൽ അർജന്റീന എന്ന് ഉത്തരം പറയാൻ നിസംശയം സാധിക്കും. 2021ലെ കോപ്പ അമേരിക്ക നേടിയ അർജന്റീന അതിനുശേഷം ഫൈനലിസിമയും വേൾഡ് കപ്പ് കിരീടവും സ്വന്തമാക്കി. ഫിഫ റാങ്കിങ്ങിൽ ഒന്നാമത് അർജന്റീനയാണ്. 2019ലെ കോപ്പ അമേരിക്കയിൽ പരാജയപ്പെട്ടതിനു ശേഷം ഇക്കാലയളവിൽ കേവലം രണ്ട് തോൽവികൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. ഇതിനെല്ലാം അർജന്റീന ആരാധകർ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് അവരുടെ പരിശീലകനായ ലയണൽ സ്‌കലോണിയോട് തന്നെയാണ്.ഈ ടീമിനെ എത്രയും മികച്ച രൂപത്തിലേക്ക് മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് ഈ പരിശീലകന് തന്നെയാണ്. ഇപ്പോഴിതാ സ്കലോണിയെ പ്രശംസിച്ചുകൊണ്ട് മുൻ അർജന്റൈൻ പരിശീലകനായിരുന്ന ഹൊസേ പെക്കർമാൻ രംഗത്ത് വന്നിട്ടുണ്ട്. മെസ്സിയെ ഹാപ്പിയാക്കി നിർത്തുന്നതിൽ സ്കലോണി വിജയിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പെക്കർമാന്റെ വാക്കുകൾ ഇങ്ങനെയാണ്.” താരങ്ങളെ സെലക്ട് ചെയ്യുന്നതിലാണ് സ്‌കലോണിയുടെ മിടുക്ക്.എപ്പോഴും മികച്ച തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. എല്ലാ താരങ്ങളെക്കുറിച്ചും നല്ല അറിവ് അദ്ദേഹത്തിനുണ്ട്. താരങ്ങൾക്ക് പരിക്ക് പറ്റിയാൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്. എല്ലാത്തിനെയും പരിഗണിക്കുന്ന ഒരാളാണ് അദ്ദേഹം. സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടതിനുശേഷം അദ്ദേഹം നിർത്തിയ മാറ്റങ്ങൾ അദ്ദേഹത്തിന്റെ കഴിവിനെ ഉദാഹരണമാണ്. ഇതിനൊക്കെ പുറമേ ലയണൽ മെസ്സിയെ ഹാപ്പിയാക്കി നിലനിർത്താൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം ” ഇതാണ് ഇതിഹാസ പരിശീലകനായ പെക്കർമാൻ പറഞ്ഞിട്ടുള്ളത്. ഇത്തവണത്തെ കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ പ്രവേശിക്കാനും അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.എതിരാളികൾ കാനഡയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു സെമി ഫൈനൽ പോരാട്ടം വീക്ഷിക്കാൻ സാധിക്കുക.