മെസ്സിയെ വീഴ്ത്തിയ കനേഡിയൻ താരത്തിന് വംശീയ അധിക്ഷേപം, പ്രതികരിച്ച് കാനഡയും മെറ്റയും!
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചിട്ടുള്ളത്. രണ്ടാം പകുതിയിൽ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.മത്സരത്തിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തിയതെങ്കിലും അവർക്ക് കൂടുതൽ ഗോളുകൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു.
മെസ്സി മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച രൂപത്തിലാണ് മെസ്സി കളിച്ചതെങ്കിലും ചില സുവർണ്ണാവസരങ്ങൾ മെസ്സി പാഴാക്കിയിരുന്നു. ഇതിനിടെ പരിക്ക് ഭീതി മെസ്സിയെ അലട്ടുകയും ചെയ്തിരുന്നു. എന്തെന്നാൽ കനേഡിയൻ താരമായ മോയ്സേ ബോംബിറ്റോ മെസ്സിയെ ഫൗൾ ചെയ്യുകയായിരുന്നു. മെസ്സിക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള ഒരു സാധ്യത അവിടെ ഉണ്ടായിരുന്നുവെങ്കിലും മെസ്സി രക്ഷപ്പെടുകയായിരുന്നു.മത്സരത്തിന്റെ മുഴുവൻ സമയവും മെസ്സി കളിക്കുകയും ചെയ്തു.
എന്നാൽ മെസ്സി ആരാധകർക്കും അർജന്റീന ആരാധകർക്കും ഇത് പിടിച്ചിട്ടില്ല.മെസ്സിയെ ഫൗൾ ചെയ്ത ഈ താരത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ആരാധകർ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹത്തിന് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളത്.മാത്രമല്ല ചില ആരാധകർ വംശീയമായി അദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.ഇത് വലിയ വിവാദമായി. തനിക്ക് വംശിയാധിക്ഷേപം നേരിടേണ്ടി വന്നു എന്നത് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഫുട്ബോൾ ലോകത്തെ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ തങ്ങളുടെ താരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയൻ ഫുട്ബോൾ അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്.താരത്തിന് റേസിസം ഏൽക്കേണ്ടി വന്നതിൽ തങ്ങൾ കടുത്ത അസ്വസ്ഥരാണ് എന്നാണ് കാനഡ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുള്ളത്.കോൺമെബോളിനേയും കോൺകകാഫിനേയും തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വംശീയ അധിക്ഷേപം താരത്തിന് ഏൽക്കേണ്ടി വന്നിട്ടുള്ളത്. ഇൻസ്റ്റഗ്രാം ഉടമസ്ഥരായ മെറ്റയും ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. വംശയാധിക്ഷേപം തങ്ങൾ ഒരിക്കലും വെച്ച് പൊറുപ്പിക്കല്ലെന്നും അതുമായി ബന്ധപ്പെട്ട എല്ലാ കമന്റുകളും തങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. ഏതായാലും അർജന്റൈൻ ആരാധകരുടെ വംശീയ അധിക്ഷേപം ഇപ്പോൾ വലിയ വിവാദമാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്.