മെസ്സിയെ വിരലുകൊണ്ട് തൊട്ടാൽ മതി,റഫറി അപ്പൊ ഫൗൾ വിളിക്കും: രൂക്ഷ വിമർശനവുമായി പെറു ക്യാപ്റ്റൻ!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന പെറുവിനെ തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്. ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ലൗറ്ററോ മാർട്ടിനസാണ് ഈ വിജയ ഗോൾ നേടിയത്. മത്സരത്തിൽ ഏറ്റവും കൂടുതൽ തവണ ഫൗളുകൾക്ക് ഇരയാവേണ്ടി വന്ന താരം ലയണൽ മെസ്സിയാണ്. 5 തവണയായിരുന്നു മെസ്സിയെ പെറു താരങ്ങൾ ചെയ്തിരുന്നത്.
ഇക്കാര്യത്തിൽ മെസ്സി പെറുവിന്റെ ഒരു ഡിഫൻഡറോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ മത്സരത്തിന് പിന്നാലെ മെസ്സിക്ക് ലഭിക്കുന്ന പ്രിവിലേജിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് പെറുവിന്റെ ക്യാപ്റ്റനായ പൗലോ ഗ്വരെരോ രംഗത്ത് വന്നിട്ടുണ്ട്. മെസ്സിയെ വിരലുകൊണ്ട് ഒന്ന് തൊട്ടാൽ മതി,അപ്പോൾ തന്നെ റഫറി ഫൗൾ വിധിക്കും എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.പൗലോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” അർജന്റീനക്കെതിരെ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. കാരണം എല്ലാ കോണ്ടാക്ടുകൾക്കും റഫറി ഫൗൾ വിധിക്കും. ഞങ്ങളെ ആരെങ്കിലും തൊട്ടാൽ ഫൗൾ വിളിക്കില്ല.അവരാണെങ്കിൽ ഒരല്പം ടഫ് ആണ്.ഇങ്ങനെയൊക്കെയാണ് ഇവിടെ കാര്യങ്ങൾ.ഞങ്ങൾക്ക് അർഹിച്ച ഫൗളുകൾ റഫറി ഒന്നും നൽകിയിട്ടില്ല. എന്നാൽ മെസ്സിയെ ഒന്ന് വിരൽ കൊണ്ട് തൊട്ടാൽ മതി, അപ്പോൾ തന്നെ റഫറി അവർക്ക് ഫൗൾ നൽകും. ഇതാണ് കാര്യങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് ” ഇതാണ് പെറു ക്യാപ്റ്റൻ ആരോപിച്ചിരിക്കുന്നത്.
ഏതായാലും നിലവിൽ അർജന്റീന പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.ഇനി അടുത്ത മാർച്ച് മാസത്തിലാണ് അർജന്റീന അടുത്ത മത്സരങ്ങൾ കളിക്കുക.ഉറുഗ്വ,ബ്രസീൽ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.