മെസ്സിയെ മാത്രമല്ല, ഡി മരിയയെ കൂടി സ്വന്തമാക്കാൻ ബാഴ്സലോണ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിട്ടുകൊണ്ട് യുവന്റസിൽ എത്തിയ എയ്ഞ്ചൽ ഡി മരിയ ഒരു വർഷത്തെ കോൺട്രാക്ടിലായിരുന്നു ഒപ്പു വെച്ചിരുന്നത്. അദ്ദേഹത്തിന്റെ കരാർ യുവന്റസ് വർഷത്തേക്ക് കൂടി പുതുക്കും എന്നായിരുന്നു ഇതുവരെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാൽ യുവന്റസ് അവരുടെ പദ്ധതികളിൽ മാറ്റം വരുത്തുകയായിരുന്നു. ഈ താരത്തിന്റെ കരാർ പുതുക്കാൻ ഇപ്പോൾ യുവന്റസ് ഉദ്ദേശിക്കുന്നില്ല.

അതായത് ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് എയ്ഞ്ചൽ ഡി മരിയ ക്ലബ്ബ് വിടും. അദ്ദേഹത്തിന് വേണ്ടി ഇപ്പോൾ രണ്ട് ക്ലബ്ബുകൾ രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.ഒന്ന് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയാണ്. മറ്റൊരു ക്ലബ്ബ് പോർച്ചുഗീസ് വമ്പൻമാരായ ബെൻഫിക്കയാണ്. നേരത്തെ 3 വർഷക്കാലം ബെൻഫിക്കക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഡി മരിയ.

വരുന്ന സമ്മറിൽ ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബാഴ്സയുള്ളത്. ഇതിന് പുറമേയാണ് ഡി മരിയയെ എത്തിക്കാൻ ബാഴ്സ ശ്രമിക്കുന്നത്. ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായി കഴിഞ്ഞാൽ ഡി മരിയ ബാഴ്സയിലേക്ക് വരാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ് ചെയ്യുക. പക്ഷേ വലിയ ഒരു കോൺട്രാക്ട് ഒന്നും താരത്തിന് ക്ലബ്ബിൽ ലഭിക്കാൻ സാധ്യതയില്ല.

സൗദി അറേബ്യയിൽ നിന്നൊക്കെ നിലവിൽ ഡി മരിയ്ക്ക് ഇപ്പോൾ ഓഫറുകൾ ഉണ്ട്.പക്ഷേ യൂറോപ്പിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക മികച്ച രൂപത്തിൽ എത്താൻ ഡി മരിയ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യൂറോപ്പിൽ കുറച്ചുകാലം തുടർന്നതിനുശേഷം തന്റെ മുൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് തന്നെ തിരികെ പോവാനാണ് ഈ അർജന്റൈൻ സൂപ്പർതാരത്തിന്റെ പദ്ധതികൾ. പ്രമുഖ സ്പാനിഷ് മാധ്യമമായ റെലെവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

24 മത്സരങ്ങളാണ് ഈ സീസണിൽ ഇറ്റാലിയൻ ലീഗിൽ യുവന്റസിന് വേണ്ടി ഡി മരിയ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 4 ഗോളുകളും 4 അസിസ്റ്റുകളും ഡി മരിയ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *