മെസ്സിയെ പൂട്ടുന്നതിൽ വിജയിച്ചവർ ബ്രസീൽ,താരത്തിന് കാര്യങ്ങൾ കഠിനം!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പന്മാരായ ബ്രസീലും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ ക്ലാസിക്കോ പോരാട്ടം നടക്കുക. ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. 2 ടീമുകളെ സംബന്ധിച്ചിടത്തോളവും ഇതൊരു അഭിമാന പോരാട്ടമാണ്.

സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ഈ മത്സരത്തിൽ അർജന്റീനയെ നയിക്കുക. അതേസമയം സുപ്രധാന താരങ്ങളായ നെയ്മർ ജൂനിയറും വിനീഷ്യസ് ജൂനിയറും കാസമിറോയും ഇല്ലാതെയാണ് ബ്രസീൽ ഈ മത്സരത്തിനു വരുന്നത്.കാസമിറോയുടെ അഭാവം ബ്രസീലിന് തിരിച്ചടിയാണ്. കാരണം മെസ്സിയെ തടയുക എന്ന ഉത്തരവാദിത്വം ബ്രസീലിൽ പലപ്പോഴും നല്ല രീതിയിൽ നിർവഹിച്ചിട്ടുള്ള താരമാണ് കാസമിറോ. എന്നാൽ ഇത്തവണ മെസ്സിയെ പൂട്ടാൻ കാസമിറോ ഉണ്ടാവില്ല.

ലയണൽ മെസ്സിയെ തടയുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ ചുരുക്കം താരങ്ങൾക്കും ടീമുകൾക്കും മാത്രമാണ് അതിനു സാധിച്ചിട്ടുള്ളത്.അതിലൊന്ന് ബ്രസീൽ തന്നെയാണ് എന്ന് പറയേണ്ടിവരും. കാരണം മെസ്സിക്ക് ബ്രസീലിനെതിരെ വലിയ രൂപത്തിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.ബ്രസീലിനെതിരെ കരിയറിൽ ആകെ 13 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽനിന്ന് കേവലം 5 കൂടുകൾ മാത്രമാണ് മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ മൂന്നു ഗോളുകളും സൗഹൃദ മത്സരത്തിലാണ് പിറന്നിട്ടുള്ളത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഇതുവരെ ബ്രസീലിനെതിരെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.ബ്രസീലിൽ വെച്ചുകൊണ്ടും ബ്രസീലിനെതിരെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.

ചുരുക്കത്തിൽ കണക്കുകൾ ലയണൽ മെസ്സിക്കൊപ്പമല്ല. എന്നാൽ അർജന്റീന തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് നടത്തുന്നത്.ബ്രസീൽ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്തി ഈ കണക്കുകളിൽ പുരോഗതി കൈവരിക്കാനുള്ള ഒരു സുവർണ്ണാവസരമാണ് യഥാർത്ഥത്തിൽ ലയണൽ മെസ്സിയെ തേടി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *