മെസ്സിയെ നേരിട്ടു,ഇനി റൊണാൾഡോക്ക് എന്ത് ചെയ്യാനാവുമെന്ന് നോക്കാം :മെൻസാ!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ദിവസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു. യൂറോപ്പ്യൻ വമ്പന്മാരായ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിലാണ് ഉൾപ്പെട്ടിരിക്കുന്നത്.ആഫ്രിക്കൻ കരുത്തരായ ഘാനയെ ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗല്ലിന് നേരിടേണ്ടിവരും.

ഏതായാലും ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടാനുള്ള ആവേശത്തിലാണ് ഘാനയുടെ പ്രതിരോധനിര താരമായ ഗിഡോൺ മെൻസാ.ഫ്രഞ്ച് ക്ലബായ ബോർഡെക്സിന് വേണ്ടിയാണ് മെൻസാ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ലീഗ് വണ്ണിൽ മെസ്സിക്കെതിരെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.ഇനി വേൾഡ് കപ്പിൽ ക്രിസ്റ്റ്യാനോക്ക് എന്ത് ചെയ്യാനാവുമെന്ന് നോക്കാം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മെൻസായുടെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റൊണാൾഡോയെ നേരിടുക എന്നുള്ളത് ഞാൻ ആവേശത്തോടെ നോക്കി കാണുന്ന ഒന്നാണ്. ക്ലബ്ബ് തലത്തിൽ ഞാനിതുവരെ ക്രിസ്റ്റ്യാനോയെ നേരിട്ടിട്ടില്ല.പക്ഷെ വേൾഡ് കപ്പിൽ ഇപ്പോൾ അദ്ദേഹത്തെ നേരിടാനുള്ള അവസരം എനിക്ക് വന്നിരിക്കുന്നു.അദ്ദേഹത്തെ പ്രതിരോധിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്നുള്ളത് എനിക്കറിയാം.പക്ഷെ ആ മത്സരം എന്റെ മത്സരമാക്കാനാണ് ഞാൻ ശ്രമിക്കുക. ഞാൻ മെസ്സിക്കെതിരെ കളിച്ച മത്സരം വളരെയധികം ബുദ്ധിമുട്ടായിരുന്നു.അദ്ദേഹം മറ്റൊരു തലത്തിലുള്ള താരമാണ്.പാരീസിൽ മെസ്സി എനിക്ക് വേദനകളാണ് സമ്മാനിച്ചത്.ഇനി റൊണാൾഡോക്ക് എന്ത് ചെയ്യാൻ കഴിയുമെന്നുള്ളത് നമുക്ക് നോക്കാം. പക്ഷേ റൊണാൾഡോക്കെതിരെ എന്ത് ചെയ്യണമെന്നുള്ളത് എനിക്കറിയാം.ഞാൻ അദ്ദേഹത്തെ ഓടിപ്പിക്കുമെന്നുള്ളത് ഉറപ്പാണ് ” ഇതാണ് മെൻസാ പറഞ്ഞിട്ടുള്ളത്.

2014 വേൾഡ് കപ്പിൽ പോർച്ചുഗല്ലും ഘാനയും മുഖാമുഖം വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ അന്ന് ഘാനയെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ യായിരുന്നു അന്ന് പോർച്ചുഗല്ലിന്റെ വിജയ ഗോൾ കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *