മെസ്സിയെ ഞാൻ ഇഷ്ടപ്പെടുന്നു, പക്ഷെ…! കാസമിറോ പറയുന്നു.

ഈ കോപ്പ അമേരിക്കയിലെ ഫൈനലിൽ മുഖാമുഖം വരുന്നത് എക്കാലത്തെയും മികച്ച ചിരവൈരികളൊന്നായ ബ്രസീലും അർജന്റീനയും തമ്മിലാണ്. ഞായറാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5:30-ന് മാരക്കാനയുടെ മടിത്തട്ടിലാണ് ആ തീപ്പാറും പോരാട്ടം അരങ്ങേറുക. ഈ മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിയെ തടയുന്നതിന്റെ ഉത്തരവാദിത്തം മിഡ്‌ഫീൽഡറായ കാസമിറോക്കായിരിക്കും. ഇരുവരും രാജ്യത്തിനായും ക്ലബ്ബിനായും പലപ്പോഴും മുഖാമുഖം വന്നിട്ടുമുണ്ട്. ഏതായാലും ഈ ഫൈനലിന് മുമ്പേ മെസ്സിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കാസമിറോ. താൻ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് മെസ്സിയെന്നും എന്നാൽ മെസ്സി മാത്രമല്ല അർജന്റീന എന്നുമാണ് കാസമിറോ അറിയിച്ചിട്ടുള്ളത്.കൂടാതെ ഉയർന്ന ലെവലിൽ ഉള്ള താരങ്ങളാണ് അർജന്റീനയിൽ ഉള്ളതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് കാസമിറോ തങ്ങളുടെ എതിരാളികളെ പറ്റി പരാമർശിച്ചത്.

” വളരെ ഉയർന്ന ലെവലിലുള്ള താരങ്ങളുള്ള ടീമാണ് അർജന്റീന.ഒരു താരത്തെ മാത്രം ആശ്രയിച്ച് പോവുന്നവരല്ല.മെസ്സിയുടെ ക്വാളിറ്റിയെ പറ്റി എല്ലാവർക്കുമറിയാം.അദ്ദേഹം മികച്ച ഒരു താരം തന്നെയാണ്.പക്ഷേ അർജന്റീന ടീമിനെ ഒന്നടങ്കം ഞങ്ങൾ മൂല്യം കൽപ്പിക്കേണ്ടതുണ്ട്.മാത്രമല്ല ഞങ്ങൾ അവരെ ബഹുമാനിക്കേണ്ടതുമുണ്ട്.മെസ്സിയോ ലൗറ്ററോ മാർട്ടിനെസോ മാത്രമല്ല അർജന്റീന.ആ രണ്ട് താരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.എല്ലാവരും ടോപ് ക്വാളിറ്റി താരങ്ങളാണ്.അവർ രണ്ട് പേരും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവരാണ്.പക്ഷേ അർജന്റീന ഫൈനലിൽ എത്തിയത് അവരുടെ എല്ലാ താരങ്ങളുടെയും മികവിലൂടെയാണ്.ഞങ്ങൾ ഓരോരുത്തരെയും ബഹുമാനിക്കേണ്ടതുണ്ട്.ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് മെസ്സി. പക്ഷേ മെസ്സി മാത്രമല്ല അർജന്റീന.അത്പോലെ തന്നെ ബ്രസീലിന്റെ ഡിഫൻസീവ് പവർ എന്നുള്ളത് കാസമിറോയും മാത്രമല്ല ” കാസമിറോ പറഞ്ഞു. ഏതായാലും മെസ്സിയും കാസമിറോയും ഒരിക്കൽ കൂടി നേർക്കുനേർ വരുമ്പോൾ ആര് ആർക്കുമേൽ ആധിപത്യം പുലർത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *