മെസ്സിയുണ്ടെങ്കിൽ എന്തും എളുപ്പമാണ് : എമി മാർട്ടിനസ്
വിജയം നിർബന്ധമായ മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന തങ്ങളുടെ പ്രീ ക്വാർട്ടർ സാധ്യതകളെ തുറന്നിട്ടിരുന്നു.സൂപ്പർ താരം ലയണൽ മെസ്സിയുടെ മികവിൽ തന്നെയാണ് ഒരിക്കൽ കൂടി അർജന്റീന വിജയം കരസ്ഥമാക്കിയിട്ടുള്ളത്. മെസ്സിയുടെ ഒരു സുന്ദര ഗോളിന് പുറമേ മെസ്സിയുടെ പാസിൽ നിന്ന് എൻസോ ഫെർണാണ്ടസ് കൂടി മികച്ച ഒരു ഗോൾ നേടിയതോടെ അർജന്റീന മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കുകയായിരുന്നു. ഇതോടെ ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നും കരകയറാനും അർജന്റീനക്ക് സാധിച്ചു.
ഏതായാലും ഈ മത്സരത്തിനു ശേഷം അർജന്റീനയുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.ലയണൽ മെസ്സി ഉണ്ടെങ്കിൽ എന്തും എളുപ്പമാണ് എന്നാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ മത്സരത്തിലെ തോൽവി എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.
LIONEL MESSI ALWAYS DELIVERS 🇦🇷 pic.twitter.com/3aG3TNuDL9
— GOAL (@goal) November 26, 2022
” ആദ്യപകുതിയിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരമാണ് മെക്സിക്കോ ഞങ്ങൾക്ക് സമ്മാനിച്ചിട്ടുള്ളത്.പക്ഷേ ലയണൽ മെസ്സി ഉണ്ടെങ്കിൽ എന്ത് കാര്യവും എളുപ്പമാണ്.ഈ കഴിഞ്ഞ മൂന്ന് ദിവസങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഞങ്ങളുടെ അൺബീറ്റൻ റെക്കോർഡ് തകർന്നു. മാത്രമല്ല തെറ്റായ രൂപത്തിൽ വേൾഡ് കപ്പ് തുടങ്ങി. പക്ഷേ ഞങ്ങൾ ഇവിടെയുണ്ട് എന്നുള്ളത് ഈ മത്സരത്തോടുകൂടി ഞങ്ങൾ തെളിയിച്ചിരിക്കുന്നു ” എമി മാർട്ടിനസ് പറഞ്ഞു.
മത്സരത്തിൽ വലിയ വെല്ലുവിളികളൊന്നും എമിക്ക് നേരിടേണ്ടി വന്നിരുന്നില്ല.വേഗയുടെ ഒരു മികച്ച ഫ്രീകിക്ക് ഉണ്ടായിരുന്നുവെങ്കിലും അത് എമി മാർട്ടിനസ് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.