മെസ്സിയുടെ പ്രകടനം കണ്ട് കരഞ്ഞു,ഇത് അതുല്യമായ വേർഷ്യൻ : മുൻ അർജന്റൈൻ പരിശീലകൻ!
അർജന്റീനയുടെ കഴിഞ്ഞ രണ്ടു മത്സരത്തിലും മികച്ച പ്രകടനമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തിരുന്നത്. ഇറ്റലിക്കെതിരെയുള്ള മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. എസ്റ്റോണിയക്കെതിരെയുള്ള മത്സരത്തിൽ അർജന്റീന നേടിയ അഞ്ചു ഗോളുകളും പിറന്നത് മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു.
ഏതായാലും മെസ്സിയെ വാനോളം പ്രശംസിച്ചു കൊണ്ട് അർജന്റീന അണ്ടർ 20 ടീമിന്റെ മുൻ പരിശീലകനായിരുന്ന ഹ്യൂഗോ ടൊക്കാല്ലി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് മെസ്സി ഗോൾ നേടുന്നത് കണ്ട് താൻ കരഞ്ഞു പോയെന്നും മെസ്സിയുടെ അതുല്യമായ വേർഷനാണ് നാമിപ്പോൾ കാണുന്നത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഹ്യൂഗോയുടെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Former Argentina U20, Lionel Messi coach Hugo Tocalli: “This version of Messi is unique”. https://t.co/1H7sALBMcj
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 8, 2022
” മെസ്സിയുടെ ഈ വേർഷൻ അതുല്യമായ ഒന്നാണ്.മാറ്റാർക്കും അനുകരിക്കാൻ കഴിയാത്ത ഒരു മെസ്സിയാണിത്. ഇതാണ് ഞാൻ അറിയുന്ന മെസ്സി. നാഷണൽ ടീമിനൊപ്പം മെസ്സി ചിരിക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ എന്നെ വളരെയധികം ഹാപ്പിയാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. മുമ്പ് നാഷണൽ ടീമിനൊപ്പം മെസ്സി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം ആസ്വദിക്കുന്നു. അതുകൊണ്ടുതന്നെ നാഷണൽ ടീമിന്റെ പ്രകടനത്തെ ഞാനും ആസ്വദിക്കുന്നു. ഒരുപാട് കാലമായി ഞാനദ്ദേഹത്തോട് സംസാരിച്ചിട്ടില്ല.അദ്ദേഹത്തെ ശല്യപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.കരയുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. പക്ഷേ കഴിഞ്ഞ ദിവസത്തെ മെസ്സിയുടെ പ്രകടനം കണ്ടും ഗോളടി കണ്ടും ഞാൻ ഇമോഷണലായി കൊണ്ട് കരഞ്ഞു പോയി. മെസ്സി അഞ്ച് ഗോളുകൾ നേടിയിട്ടും എനിക്ക് മതിയായില്ല. അദ്ദേഹം ആറാമതും ഏഴാമതും ഗോൾ നേടാൻ ഞാൻ ആഗ്രഹിച്ചുപോയി ” ഇതാണ് ഹ്യൂഗോ പറഞ്ഞിട്ടുള്ളത്.
2004-ൽ അർജന്റീനയുടെ അണ്ടർ 20 ടീമിൽ മെസ്സിയെ പരിശീലിപ്പിക്കാൻ ഹ്യൂഗോക്ക് സാധിച്ചിരുന്നു. മാത്രമല്ല അണ്ടർ 20 വേൾഡ് കപ്പ് ഇദ്ദേഹം അർജന്റീനക്ക് നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.