മെസ്സിയുടെ ജീവിതകഥ പ്രൈമറി സ്കൂളിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം : ആവശ്യവുമായി ഗബ്രിയേൽ മിലിറ്റോ!
സൂപ്പർ താരം ലയണൽ മെസ്സിയുടെ ജീവിതകഥ എല്ലാവർക്കും ഒരു പ്രചോദനമാണ്.പ്രത്യേകിച്ച് അർജന്റീന ദേശീയ ടീമിലെ അദ്ദേഹത്തിന്റെ യാത്ര വളരെ ദുർഘടം പിടിച്ച ഒന്നായിരുന്നു. ഒരുകാലത്ത് അർജന്റീന ആരാധകരിൽ നിന്നും തന്നെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്ന ഒരു താരമാണ് മെസ്സി. പക്ഷേ ഇപ്പോൾ അർജന്റീനക്കൊപ്പം സാധ്യമായതെല്ലാം നേടി ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് മാറാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
അർജന്റീന ദേശീയ ടീമിലും എഫ്സി ബാഴ്സലോണയിലും ലയണൽ മെസ്സിക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് ഗബ്രിയേൽ മിലിറ്റോ. നിലവിൽ അദ്ദേഹം അർജന്റിനോസ് ജൂനിയേഴ്സിന്റെ പരിശീലകനാണ്. ഒരു നിർദ്ദേശം ഇപ്പോൾ മിലിറ്റോ മുന്നോട്ടുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെ ജീവിതകഥ അർജന്റീനയിലെ പ്രൈമറി സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാണ് മിലിറ്റോ ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
¿Te imaginás una materia Leo Messi? 😅 Milito y su propuesta escolar pic.twitter.com/J68hlnKNF3
— TNT Sports Argentina (@TNTSportsAR) June 15, 2023
” ലയണൽ മെസ്സി ഒരു ഉദാഹരണമാണ്.മാത്രമല്ല എല്ലാ അർജന്റീനക്കാർക്കും അദ്ദേഹം ഒരു കണ്ണാടി കൂടിയാണ്.ഒരുപാട് തവണ പരാജയപ്പെട്ടിട്ടും അദ്ദേഹം ശ്രമം ഉപേക്ഷിച്ചില്ല. ഒരുപാട് കാലം മെസ്സി റണ്ണറപ്പായി തുടർന്നു.അദ്ദേഹത്തെ വളരെ മോശമായി ട്രീറ്റ് ചെയ്തതൊക്കെ നമ്മളെല്ലാവരും കണ്ടതാണ്. തീർച്ചയായും പ്രൈമറി സ്കൂളിൽ ലയണൽ മെസ്സി എന്ന വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.എട്ടോ 10 വയസ്സുള്ള കുട്ടികൾ നിർബന്ധമായും ലയണൽ മെസ്സിയുടെ ജീവിതം പഠിച്ചിരിക്കണം. ലയണൽ മെസ്സി ഏറ്റവും ആഗ്രഹിച്ചതായിരുന്നു അർജന്റീനക്കൊപ്പം ലോക ചാമ്പ്യനാവുക എന്നുള്ളത്, അത് അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ അതിലേക്കുള്ള വഴി തീർച്ചയായും ഓരോരുത്തരും മനസ്സിലാക്കണം ” ഇതാണ് ഗബ്രിയേൽ മിലിറ്റോ പറഞ്ഞിട്ടുള്ളത്.
പാഠ്യപദ്ധതിയിൽ ഫുട്ബോൾ താരങ്ങളുടെ ജീവിതകഥ ഉൾപ്പെടുത്തുക എന്നുള്ളത് മുമ്പും സംഭവിച്ചിട്ടുള്ള കാര്യമാണ്. സൂപ്പർ താരം മുഹമ്മദ് സലായുടെ ജീവിതകഥ ഈജിപ്തിലെ സ്കൂളുകളിൽ പാഠ്യ വിഷയമാണ്. ഭാവിയിൽ ലയണൽ മെസ്സിയുടെ ജീവിതകഥയും അർജന്റീനയിലെ ഒരു വിഷയമായി മാറുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.