മെസ്സിയുടെ ചിത്രമുള്ള കറൻസി നോട്ട്, യാഥാർത്ഥ്യം എന്ത്?

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സിക്ക് ലഭിക്കുന്ന ആരാധക പിന്തുണയും ആദരവുകളും വളരെയധികം വർദ്ധിച്ചിട്ടുണ്ട്.വലിയ സ്വീകരണമായിരുന്നു അർജന്റീനയിൽ മെസ്സിക്കും സംഘത്തിനും ആരാധകർ ഒരുക്കിയിരുന്നത്. ഫുട്ബോൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും മെസ്സിക്ക് വലിയ രൂപത്തിലുള്ള പ്രശംസകൾ ലഭിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത പുറത്തേക്ക് വന്നിരുന്നു. അതായത് അർജന്റീനയിലെ 1000 പെസോയുടെ കറൻസി നോട്ടിൽ ലയണൽ മെസ്സിയുടെ ചിത്രം ഉൾപ്പെടുത്താൻ അർജന്റീനയിലെ സെൻട്രൽ ബാങ്ക് ആലോചിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഇതിലെ സത്യാവസ്ഥ ഇപ്പോൾ ബാങ്ക് അധികൃതർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.ഇത്തരത്തിലുള്ള യാതൊരുവിധ ആലോചനകളും നടന്നിട്ടില്ല എന്നാണ് ബാങ്ക് മേധാവി അറിയിച്ചിട്ടുള്ളത്. സെൻട്രൽ ബാങ്കിന്റെ കമ്മ്യൂണികേഷൻ വിഭാഗത്തിലെ സീനിയർ മാനേജറായ ഫെർണാണ്ടൊ അലോൺസോ ഇതേക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുടെ ചിത്രമുള്ള കറൻസി നോട്ടുകൾ വരുന്നു എന്നുള്ള വാർത്ത തെറ്റാണ്. ഈ വിഷയം ഞങ്ങളുടെ അജണ്ടയിൽ പോലുമില്ല ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ ആ വാർത്ത കേവലം ഒരു റൂമർ മാത്രമായിരുന്നു. മെസ്സിയുടെ ചിത്രത്തോടൊപ്പം അർജന്റീന താരങ്ങൾ വേൾഡ് കപ്പ് കിരീടം ഉയർത്തി നിൽക്കുന്ന ചിത്രവും ഉണ്ടാവും എന്നായിരുന്നു പ്രചരണങ്ങൾ. ബാങ്ക് മേധാവിയുടെ ഈ പ്രസ്താവനയോട് കൂടി ഈ റൂമറുകൾക്ക് വിരാമം ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *