മെസ്സിയുടെ ഏഴയലത്തു പോലും ഞാനില്ല: നെക്സ്റ്റ് മെസ്സി എന്നറിയപ്പെടുന്ന അർജന്റൈൻ വണ്ടർകിഡ് പറയുന്നു.

അർജന്റീനയുടെ അണ്ടർ 17 ടീമിനുവേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന വണ്ടർ കിഡാണ് ക്ലൗഡിയോ എച്ചവേരി.അണ്ടർ 17 ടീമിനുവേണ്ടി 17 മത്സരങ്ങളാണ് ഇതുവരെ താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 8 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. മാത്രമല്ല പതിനേഴാം വയസ്സിൽ തന്നെ അർജന്റൈൻ വമ്പൻമാരായ റിവർ പ്ലേറ്റിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച് വലിയ ശ്രദ്ധ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും എച്ചവേരിയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അർജന്റീനയിൽ നിന്നുള്ള പുത്തൻ താരോദയമായതിനാൽ നെക്സ്റ്റ് മെസ്സി എന്നുള്ള വിശേഷണം പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളോട് ഈ 17കാരൻ പ്രതികരിച്ചിട്ടുണ്ട്. ലയണൽ മെസ്സി തന്റെ ഐഡോളാണെന്നും എന്നാൽ ലയണൽ മെസ്സിയുടെ ഏഴയലത്ത് പോലും താൻ എത്തിയിട്ടില്ല എന്നുമാണ് എച്ചവേരി പറഞ്ഞിട്ടുള്ളത്.ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു ഈ താരം.എച്ചവേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയാണ് എന്റെ ഐഡോൾ എന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ്. പക്ഷേ മെസ്സിയുടെ ഏഴയലത്ത് പോലും ഞാൻ എത്തിയിട്ടില്ല. മാത്രമല്ല എനിക്ക് പാബ്ലോ ഐമറിനെയും വളരെയധികം ഇഷ്ടമാണ്. അദ്ദേഹം ഇപ്പോൾ അർജന്റീന ടീമിന്റെ ഭാഗമാണ്.ഞാനും അദ്ദേഹവും ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. എനിക്ക് ഗുണകരമാകുന്ന ഒരുപാട് ഉപദേശ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. അർജന്റീനയുടെ ദേശീയ ടീമിൽ ഇടം നേടുക എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം ” ഇതാണ് എച്ചവേരി പറഞ്ഞിട്ടുള്ളത്.

നിലവിൽ അർജന്റീനയുടെ അണ്ടർ 17 ടീമിനോടൊപ്പം വേൾഡ് കപ്പ് കളിക്കുകയാണ് എച്ചവേരി ചെയ്യുന്നത്.ആദ്യ മത്സരത്തിൽ സെനഗലിനോട് അവർ പരാജയപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തിൽ ജപ്പാനെ അർജന്റീന പരാജയപ്പെടുത്തിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഈ മത്സരത്തിൽ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് എച്ചവേരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *