മെസ്സിയുടെ ഉജ്ജ്വല പ്രകടനം, പ്രശംസകൾ ചൊരിഞ്ഞ് സ്കലോണി!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ബൊളീവിയയെ തകർത്തു വിട്ടത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനക്ക്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്.ഇതോടെ അർജന്റീനക്ക്‌ വേണ്ടി 79 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.

ഈ മത്സരത്തിന് ശേഷം ലയണൽ മെസ്സിയെയും അർജന്റീനയെയും പ്രശംസകൾ കൊണ്ട് മൂടിയിരിക്കുകയാണ് പരിശീലകനായ ലയണൽ സ്കലോണി.കളത്തിൽ എപ്പോഴും വ്യത്യസ്ഥതകൾ സൃഷ്ടിക്കുന്ന താരമാണ് മെസ്സിയെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ തനിക്കൊരിക്കലും സംശയം തോന്നിയിരുന്നില്ല എന്നുമാണ് സ്കലോണി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ടിവൈസി സ്പോർട്സ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” കളത്തിൽ എപ്പോഴും വ്യത്യസ്ഥതകൾ സൃഷ്ടിക്കുന്ന താരമാണ് മെസ്സി.എനിക്കതിൽ യാതൊരു വിധ സംശയവുമുണ്ടായിരുന്നില്ല.കിരീടനേട്ടങ്ങൾ എല്ലാത്തിനും മുകളിൽ നിൽക്കുന്ന ഒരു കാര്യമാണ്.ഒരുപാട് പേർക്ക് മെസ്സി ഒരു ആരാധനാപാത്രമാണ്. അതിന് പുറമേ മെസ്സിയുടെ കിരീടനേട്ടം കൂടിയാവുമ്പോൾ, അവർ തീർച്ചയായും ആഹ്ലാദത്തിലും സന്തോഷത്തിലുമായിരിക്കും.പക്ഷേ ഇനി അതേ കുറിച്ച് മാത്രം ഓർത്തിരിക്കരുത്.വരാനിരിക്കുന്നതിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.കഴിഞ്ഞ രണ്ട് മത്സരങ്ങളും ഏകദേശം ഒരുപോലെയായിരുന്നു.ഏതൊരു ടീമിനെ പോലെയും ഞങ്ങൾ വളരുകയാണ്.സെലക്ഷനിലും തെറ്റുകൾ തിരുത്തുന്നതിലും ജയങ്ങളിലുമെല്ലാം ഞങ്ങൾ പുരോഗതി പ്രാപിച്ചു വരികയാണ്.ടീമിന്റെ പ്രകടനം എനിക്ക് സന്തോഷം പകരുന്ന കാര്യമാണ് ” സ്കലോണി പറഞ്ഞു.

ഇനി അടുത്ത മാസം നടക്കുന്ന മത്സരത്തിൽ പരാഗ്വ, പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *