മെസ്സിയും ഡിമരിയയുമെത്തി, അർജന്റൈൻ ക്യാമ്പ് സജീവം !

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിന്റെ പരിശീലനം ആരംഭിച്ചു. സൂപ്പർ താരങ്ങൾ എല്ലാം തന്നെ അർജന്റൈൻ ക്യാമ്പിൽ എത്തിയതായാണ് ടിവൈസി സ്പോർട്സ് റിപ്പോർട്ട്‌ ചെയ്യുന്നത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡിമരിയയും ലിയാൻഡ്രോ പരേഡസുമാണ് ഏറ്റവുമാദ്യം ടീമിൽ എത്തിയ താരങ്ങളുടെ കൂട്ടത്തിലുള്ളത്. തുടർന്ന് അർജന്റീനയിലെ ക്ലബുകൾക്ക്‌ വേണ്ടി കളിക്കുന്ന ഫ്രാങ്കോ അർമാനി, ഗോൺസാലോ മോന്റിയേൽ, എസ്റ്റബാൻ ആൻഡ്രാഡേ എന്നിവർ ടീമിനൊപ്പം ചേർന്നു. അതിന് ശേഷമാണ് ഇരുപത് താരങ്ങളെയും വഹിച്ചുള്ള ചാർട്ടേർഡ് വിമാനം അർജന്റീനയിലെത്തിയത്. ഇതോടെ ടീം ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഇനി ടീമിനൊപ്പം ചേരാൻ ബാക്കിയുള്ളത് ലുക്കാസ് മാർട്ടിനെസ് ക്വാർടയാണ്.

താരത്തിന്റെ ക്ലബായ ഫിയോറെന്റീനയിൽ നിന്നും ടീമിനൊപ്പം ചേരാൻ താരത്തിന് അനുമതി ലഭിച്ചിട്ടില്ല. ഇറ്റലിയിൽ കോവിഡ് വ്യാപകമായി പടരുന്നതിന്റെ ഫലമായി ഫിയോറെന്റിന തങ്ങളുടെ താരങ്ങൾക്ക്‌ യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. ഇതിനാൽ തന്നെ താരത്തിന് എത്താനായിട്ടില്ല. ഇതിൽ ഉടൻ പരിഹാരം കാണാനാവുമെന്നാണ് സ്കലോണി പ്രതീക്ഷിക്കുന്നത്. ടീം അംഗങ്ങൾ ചെറിയ തോതിലുള്ള പരിശീലനമൊക്കെ ആരംഭിച്ചിട്ടുണ്ട്. ഇനി മുതലാണ് രണ്ട് ടീമുകളായി തിരിച്ചുള്ള പരിശീലനം ആരംഭിക്കുക. ഈ മാസം പരാഗ്വ, പെറു എന്നിവർക്കെതിരെയാണ് അർജന്റീന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം നേടാൻ അർജന്റീനക്ക്‌ സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *