മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിഡ്ഢിത്തമാണ്: ജർമ്മൻ കോച്ച്
വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയിലേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്കുമാണ്. ഇരുവരും തങ്ങളുടെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് കളിക്കുന്നത്.എതിരാളികളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു താരങ്ങളെയും പിടിച്ചു കെട്ടുക എന്നുള്ളത് വേൾഡ് കപ്പിൽ നിർണായകമായ ഒരു കാര്യമാണ്.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ജർമ്മനിയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് നടത്തിയിട്ടുണ്ട്. അതായത് മെസ്സിയിലും ക്രിസ്റ്റ്യാനോയിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്നത് ഒരു മിസ്റ്റേക്കാണെന്നും മറിച്ച് അർജന്റീന, പോർച്ചുഗൽ എന്നിവരാണ് നിങ്ങളുടെ എതിരാളി എന്നുമാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്. അതേസമയം രണ്ട് താരങ്ങൾക്കും ഇപ്പോഴും നിർണായകമായ റോൾ വഹിക്കാൻ കഴിയുമെന്നും ഫ്ലിക്ക് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Hansi Flick will reveal his 26-man squad for the World Cup during a press conference on Thursday at 12:00 CET 🇩🇪 [📸 @SkySportDE] pic.twitter.com/lWNzZ7dwki
— Bayern & Germany (@iMiaSanMia) November 7, 2022
” മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു മിസ്റ്റേക്ക് ആണ്. കാരണം അവർക്കെതിരെയല്ല നിങ്ങൾ കളിക്കുക.മറിച്ച് അർജന്റീന, പോർച്ചുഗൽ എന്നിവർക്കെതിരെയാണ്.അവർ രണ്ടുപേർക്കും ഇപ്പോഴും നിർണായകമായ റോൾ വഹിക്കാൻ കഴിയും.പക്ഷേ അവരെ മാത്രം ശ്രദ്ധിക്കരുത്.അവരെ ഞാൻ വിലമതിക്കുന്നുണ്ട്. അർജന്റീന ദേശീയ ടീമിൽ തനിക്ക് തിളങ്ങാൻ കഴിയുമെന്നുള്ളത് മെസ്സി ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്.അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രകടനത്തിന്റെ പേരിൽ ക്രിസ്റ്റ്യാനോയെ എഴുതിത്തള്ളുന്നതും ഒരു വിഡ്ഢിത്തമായിരിക്കും ” ഇതാണ് ഹാൻസി ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.
അദ്ദേഹത്തിന്റെ ടീമായ ജർമ്മനിക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ഈ രണ്ടു താരങ്ങളെയും നേരിടേണ്ടി വരുന്നില്ല.അതേസമയം യൂറോപ്യൻ വമ്പൻമാരായ സ്പെയിൻ ജർമ്മനിയുടെ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്.