മെസ്സിക്ക് ഹോളണ്ടിനെതിരെ തിളങ്ങാനാവുമോ? മുൻകാല കണക്കുകൾ അറിയൂ!

ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.ഹോളണ്ട് കടുത്ത വെല്ലുവിളി ഉയർത്തുമെങ്കിലും അതിനെ മറികടക്കാൻ അർജന്റീനക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

ലയണൽ മെസ്സിയിലാണ് അർജന്റീന ആരാധകരുടെ പ്രതീക്ഷകളും വിശ്വാസവും. ഈ വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്. പ്രതിസന്ധി മെസ്സി രക്ഷക്കെത്തിയിട്ടുണ്ട് എന്നുള്ളതാണ് അർജന്റീന ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യം.

ലയണൽ മെസ്സി ഹോളണ്ടിനെതിരെ ഇതുവരെ കളിച്ച കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.3 തവണയാണ് മെസ്സി ഹോളണ്ടിനെതിരെ കളിച്ചിട്ടുള്ളത്. ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടില്ല എന്നുള്ളത് ആശ്വാസം നൽകുന്ന കാര്യമാണ്.

2006 വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ അർജന്റീനയും ഹോളണ്ടും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.അന്ന് ഗോൾ രഹിത സമനിലയിൽ പിരിയുകയാണ് ചെയ്തിട്ടുള്ളത്.അന്നാണ് ആദ്യമായി മെസ്സി ഹോളണ്ടിനെതിരെ കളിക്കുന്നത്.

പിന്നീട് ബെയ്ജിങ് ഒളിമ്പിക്സിൽ ഹോളണ്ടിനെതിരെ ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി ഇറങ്ങിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒളിമ്പിക്സിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന ഹോളണ്ടിനെ പരാജയപ്പെടുത്തിയത്.ആ മത്സരത്തിൽ ഗോൾ നേടാൻ മെസ്സിക്ക് സാധിക്കുകയും ചെയ്തിരുന്നു.

പിന്നീട് 2014ലെ ബ്രസീൽ വേൾഡ് കപ്പ് സെമി ഫൈനലിൽ അർജന്റീനയും ഹോളണ്ടും തമ്മിൽ മുഖാമുഖം വന്നു. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചുവെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയിച്ചു കയറുകയായിരുന്നു.അങ്ങനെയാണ് അർജന്റീന ബ്രസീൽ വേൾഡ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

ചുരുക്കത്തിൽ മെസ്സി ഇതുവരെ ഹോളണ്ടിനോട് പരാജയപ്പെട്ടിട്ടില്ല.ഒരു ഗോൾ നേടിയിട്ടുമുണ്ട്.പക്ഷേ മുൻകാല കണക്കുകൾക്കൊന്നും ഇവിടെ വലിയ പ്രസക്തിയില്ല. ഇന്ന് ലയണൽ മെസ്സിയുടെ പ്രകടനം എങ്ങനെയാകും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *