മെസ്സിക്ക് ഹോണററി സിറ്റിസൺഷിപ് നൽകി ഇറ്റാലിയൻ നഗരം,കാരണമിതാ!

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസ്സി നിലവിൽ അർജന്റീനയുടെ ദേശീയ ടീമിനൊപ്പമാണ്.എന്നാൽ മെസ്സിയുടെ ദേശീയതയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു കൗതുകകരമായ വാർത്തയാണ് കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുള്ളത്.അതായത് ഒരു ഇറ്റാലിയൻ നഗരം മെസ്സിക്ക് ആദരപൂർവ്വമുള്ള പൗരത്വം നൽകാനുള്ള ഒരുക്കത്തിലാണ്. പതിമൂന്നായിരത്തോളം നിവാസികളുള്ള സാൻ സെവെറിനോ മാർഷെ എന്ന നഗരമാണ് ഇപ്പോൾ മെസ്സിക്ക് പൗരത്വം നൽകാനൊരുങ്ങി നിൽക്കുന്നത്. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടു കൊണ്ട് അവർ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.താരത്തിന് പൗരത്വം നൽകുന്നത് അടുത്ത കൗൺസിൽ മീറ്റിങ്ങിൽ തീരുമാനിക്കുമെന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്.മെസ്സിയുടെ അമ്മയുടെ കുടുംബത്തിന്റെ ഉത്ഭവം ഈ നഗരത്തിൽ നിന്നായതിനാലാണ് മെസ്സിക്ക് പൗരത്വം നൽകുന്നത് എന്നാണ് ഇവർ കാരണമായി കൊണ്ട് വിശദീകരിക്കുന്നത്.ഇവരുടെ പ്രസ്താവനയിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” പിഎസ്ജിയുടെ ഫുട്ബോൾ താരവും കഴിഞ്ഞ തവണ കോപ അമേരിക്ക ജേതാക്കളായ അർജന്റൈൻ ടീമിന്റെ നായകനുമായ ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കരുത്തനായ താരങ്ങളിലൊരാളാണ്.ഏഴ് തവണ അദ്ദേഹം ബാലൺ ഡി’ഓർ പുരസ്കാരം നേടിയിട്ടുണ്ട്.ജോർഗെ മെസ്സിയുടെയും മരിയ സെലിയ കുക്കുട്ടിനിയുടെയും മകനാണ് മെസ്സി.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉൽഭവം ഈ നഗരത്തിൽ നിന്നാണ് എന്നുള്ളത് ഞങ്ങളുടെ ഒരു ജേണലിസ്റ്റ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഹോണററി സിറ്റിസൺഷിപ് നൽകാൻ ഞങ്ങൾ ആലോചിക്കുന്നു ” ഇതാണ് അവരുടെ സ്റ്റേറ്റ്മെന്റിൽ ഉള്ളത്.

നിലവിൽ ഇരട്ടപൗരത്വമുള്ള വ്യക്തിയാണ് ലയണൽ മെസ്സി.അർജന്റീനക്ക് പുറമെ സ്പെയിനിന്റെ പൗരത്വവും മെസ്സിക്കുണ്ട്.2005 ലായിരുന്നു മെസ്സിക്ക് സ്പാനിഷ് പൗരത്വം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *