മെസ്സിക്ക് സെമി കളിക്കാനാവില്ലേ? സസ്പെൻഷൻ വീഴുമോ? പ്രചരിക്കുന്ന വാർത്തയിലെ വസ്തുതയെന്ത്?

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ മറികടക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന വിജയം കരസ്ഥമാക്കിയത്.ഇനി സെമിഫൈനലിൽ ക്രൊയേഷ്യയാണ് അർജന്റീന നേരിടുക.

വളരെയധികം സംഭവബഹുലമായിരുന്നു ഈ മത്സരം. നിരവധി യെല്ലോ കാർഡുകളാണ് ഈ മത്സരത്തിൽ റഫറിയായ ലാഹോസ് പുറത്തെടുത്തത്. മാത്രമല്ല ലയണൽ മെസ്സി വളരെയധികം ദേഷ്യം പ്രകടിപ്പിക്കുന്നതും പ്രതികരിക്കുന്നതും ചീത്ത വിളിക്കുന്നതും ഒക്കെ ഈ മത്സരത്തിൽ കാണാൻ സാധിച്ചിരുന്നു. റഫറിക്കെതിരെയും വാൻ ഗാലിനെതിരെയും വെഗോസ്റ്റിനെതിരെയുമൊക്കെ ലയണൽ മെസ്സി പ്രതികരണങ്ങൾ നടത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അതായത് ലയണൽ മെസ്സിക്ക് എതിരെ ഫിഫയുടെ അച്ചടക്ക കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചുവെന്നും മെസ്സിക്ക് സസ്പെൻഷൻ വീഴാൻ സാധ്യതയുണ്ടെന്നും ക്രൊയേഷ്യക്കെതിരെ മെസ്സി ഉണ്ടാവില്ല എന്നുമുള്ള രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.എന്നാൽ ഇതിന്റെ നിജസ്ഥിതി എന്താണ് എന്നുള്ളത് പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ് പുറത്തുവിട്ടിട്ടുണ്ട്.

അതായത് അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന മത്സരത്തിലെ സംഭവ വികാസങ്ങളുടെ ഫലമായി കൊണ്ട് ഫിഫയുടെ അച്ചടക്ക കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആ മത്സരത്തിൽ അഞ്ച് യെല്ലോ കാർഡുകളിൽ കൂടുതൽ പിറന്നത് കൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.മാത്രമല്ല ഒരു ആരാധകൻ കളത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.ആ വിഷയത്തിലും അന്വേഷണം നടക്കുന്നുണ്ട്.

ഈയൊരു കാര്യത്തിൽ എന്തെങ്കിലും കുറ്റം തെളിഞ്ഞാൽ പിഴ മാത്രമാണ് അർജന്റീനയുടെയോ ഹോളണ്ടിന്റെയോ ഫുട്ബോൾ അസോസിയേഷനുകൾക്ക് നൽകേണ്ടി വരിക.അഞ്ചിൽ കൂടുതൽ യെല്ലോ കാർഡുകൾ ഒരു മത്സരത്തിൽ പിറന്നാൽ സ്വാഭാവികമായും അന്വേഷണം നടക്കുന്നതാണ്. അതിൽ കവിഞ്ഞ യാതൊന്നും ഇവിടെയില്ല.

ചുരുക്കത്തിൽ ലയണൽ മെസ്സിക്കെതിരെ ഇവിടെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.അദ്ദേഹത്തിന് നിലവിൽ സസ്പെൻഷൻ വീഴാനുള്ള സാധ്യതയുമില്ല. ഇനി ഏത് രൂപത്തിലാണ് ഫിഫ മുന്നോട്ടുപോവുക എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *