മെസ്സിക്ക് വയ്യ,ആർക്ക് വേണമെങ്കിലും മാർക്ക് ചെയ്യാം:മുൻ കൊളംബിയൻ താരം
ഈ കോപ്പ അമേരിക്കയിൽ മോശമല്ലാത്ത രൂപത്തിൽ ലയണൽ മെസ്സി കളിക്കുന്നുണ്ട്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ പ്രതീക്ഷക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. വരുന്ന ഫൈനൽ മത്സരത്തിൽ മെസ്സി കൂടുതൽ മികവിലേക്ക് ഉയരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തകർപ്പൻ ഫോമിൽ കളിക്കുന്ന കൊളംബിയയാണ് ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ.
എന്നാൽ മുൻ കൊളംബിയൻ താരമായിരുന്ന അഡോൾഫോ വലൻസിയ ഇതുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സി ഇപ്പോൾ പഴയ മെസ്സി അല്ലെന്നും ആർക്ക് വേണമെങ്കിലും അദ്ദേഹത്തെ മാർക്ക് ചെയ്യാം എന്നുമാണ് വലൻസിയ പറഞ്ഞിട്ടുള്ളത്. മെസ്സിയുടെയും ഡി മരിയയുടെയും പ്രായം കൊളംബിയയുടെ വിജയ സാധ്യതകളെ വർദ്ധിപ്പിക്കുന്നു എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.വലൻസിയയുടെ വാക്കുകൾ ഇങ്ങനെയാണ്.
“അർജന്റീന കടുത്ത എതിരാളികളാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കാരണം അവർ നിലവിലെ ലോക ജേതാക്കളാണ്.പക്ഷേ കൊളംബിയൻ താരങ്ങൾ ഇപ്പോൾ ഉയർന്ന ആത്മവിശ്വാസത്തിലാണ് ഉള്ളത്.നമ്മൾ ബാഴ്സലോണയിൽ കണ്ട മെസ്സി അല്ല ഇപ്പോൾ. അന്ന് ആറും ഏഴും താരങ്ങളെ മറികടന്നുകൊണ്ട് മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ ആ കരുത്തും വേഗതയും ഒക്കെ മെസ്സിക്ക് ഇപ്പോൾ നഷ്ടമായിട്ടുണ്ട്. കൊളംബിയൻ താരങ്ങൾ യുവ താരങ്ങളാണ്.എന്നാൽ മെസ്സിക്കും ഡി മരിയക്കും ഇപ്പോൾ പ്രായമായി. പഴയപോലെ കളിക്കാൻ അവർക്ക് വയ്യ. ഇപ്പോൾ മെസ്സിയെ ആർക്ക് വേണമെങ്കിലും മാർക്ക് ചെയ്യാം.ഇതൊക്കെ ആർക്ക് വേണമെങ്കിലും മുതലെടുക്കാം.ഞാൻ മെസ്സിയുടെ ആരാധകൻ തന്നെയാണ്. അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹം ഇപ്പോൾ പഴയ മെസ്സിയല്ല “ഇതാണ് മുൻ കൊളംബിയൻ താരം പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി, ഡി മരിയ എന്നിവരെയൊക്കെ തളച്ചുകൊണ്ട് അർജന്റീനയെ തോൽപ്പിക്കാൻ ഇപ്പോഴത്തെ കൊളംബിയൻ യുവ നിരക്ക് കഴിയുമെന്ന് ഒരു ആത്മവിശ്വാസത്തിൽ തന്നെയാണ് ഇദ്ദേഹം ഉള്ളത്. അവസാനമായി കളിച്ച 28 മത്സരങ്ങളിൽ ഒന്നിൽ പോലും കൊളംബിയക്ക് പരാജയപ്പെടേണ്ടി വന്നിട്ടില്ല. ഏറ്റവും അവസാനമായി അവർ പരാജയപ്പെട്ടത് അർജന്റീനയോട് തന്നെയാണ്. കഴിഞ്ഞ കോപ്പ അമേരിക്ക സെമി ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു കൊളംബിയ പുറത്തായത്.