മെസ്സിക്ക് ദേഷ്യം വന്നാൽ സ്ഥലം വിടുന്നതാണ് നല്ലത്: തുറന്ന് പറഞ്ഞ് ഡി പോൾ

കളത്തിനകത്തും കളത്തിന് പുറത്തും വളരെ പ്രശസ്തമായ ഒരു കൂട്ടുകെട്ടാണ് മെസ്സി-ഡി പോൾ കൂട്ടുകെട്ട്. മെസ്സിയുടെ ബോഡിഗാർഡ് എന്ന് പലപ്പോഴും ആരാധകർ വിശേഷിപ്പിക്കുന്ന ഒരു താരം കൂടിയാണ് ഡി പോൾ. എന്തെന്നാൽ ലയണൽ മെസ്സിയെ പലപ്പോഴും ഡി പോൾ സംരക്ഷിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. സമീപകാലത്തെ അർജന്റീനയുടെ മികച്ച പ്രകടനങ്ങളിൽ എല്ലാം തന്നെ നിർണായക പങ്ക് വഹിക്കുന്നവരാണ് ഈ രണ്ടു താരങ്ങളും.

മെസ്സിയെ അടുത്തറിയുന്ന ഒരു വ്യക്തി കൂടിയാണ് ഡി പോൾ.മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിക്ക് ദേഷ്യം വന്നാൽ അദ്ദേഹത്തെ തനിച്ച് വിടുന്നതാണ് നല്ലത് എന്ന് ഡി പോൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യഥാർത്ഥത്തിൽ ലയണൽ മെസ്സി എന്നെ പോലെയാണ്. എന്തെന്നാൽ മെസ്സിക്ക് വേഗം ദേഷ്യം വരും. മെസ്സിക്ക് ദേഷ്യം വന്നാൽ അദ്ദേഹത്തെ തനിച്ചു വിടുന്നതാണ് നല്ലത്.അദ്ദേഹം പിന്നെ റൂമിലേക്ക് പോകും.ഞാൻ എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ അദ്ദേഹത്തോട് ചോദിക്കാറുണ്ട്. ഞങ്ങൾ രണ്ടുപേരും നേരത്തെ എണീക്കുന്നവരാണ്. അതുകൊണ്ടുതന്നെ രാവിലെ ഞങ്ങൾ മാത്രമാണ് ഉണ്ടാകാറുള്ളത്. ചിലസമയങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂറുകൾ ഒക്കെ ഞങ്ങൾ തുടർച്ചയായി സംസാരിക്കും.ചില സമയത്ത് ഞാൻ ഒരക്ഷരം പോലും മിണ്ടില്ല.

കാരണം ഞാൻ ബാഡ് മൂഡിലായിരിക്കും. അത് മെസ്സിക്കും അറിയാം.എന്നെ നന്നായി അറിയുന്ന ഒരു വ്യക്തിയാണ് മെസ്സി. എന്റെ കഴിഞ്ഞ ജന്മദിനത്തിന്റെ അന്ന് മെസ്സി എനിക്ക് ഒരു മെസ്സേജ് അയച്ചു. ഹാപ്പി ബർത്ത് ഡേ,നമുക്ക് മാറ്റിനി മോണിംഗ് ഇനിയും തുടരാം.ചില സമയത്ത് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കാം, ചില സമയത്ത് ഒന്നും മിണ്ടാതിരിക്കാം, ഇതായിരുന്നു മെസ്സിയുടെ സന്ദേശം ” ഡി പോൾ പറഞ്ഞു.

രണ്ടുപേരും പരസ്പരം നന്നായി അടുത്തറിയുന്നവരാണ് എന്ന് ഇതിൽ നിന്നും വളരെ വ്യക്തമാണ്. ഇനി മാർച്ച് മാസത്തിലാണ് അർജന്റീന കളിക്കളത്തിലേക്ക് എത്തുക. ആർക്കെതിരെയാണ് അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുക എന്നതിൽ ഇതുവരെ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *