മെസ്സിക്കും റൊണാൾഡോക്കും ഒപ്പമിരിക്കാൻ താനായിട്ടില്ലെന്ന് ലെവന്റോസ്ക്കി !

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും പിന്തള്ളിക്കൊണ്ടാണ് ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം റോബർട്ട്‌ ലെവന്റോസ്ക്കി കൈക്കലാക്കിയത്. ഈ വർഷം താരം നടത്തിയ ഉജ്ജ്വലപ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനർഹനാക്കിയത്. ഒട്ടേറെ തവണ ഈ പുരസ്‌കാരം നേടിയ രണ്ട് സൂപ്പർ താരങ്ങളെ പിന്നിലാക്കിയാണ് ഈ ബഹുമതി കരസ്ഥമാക്കിയത് എന്നുള്ളത് ലെവന്റോസ്ക്കിയുടെ നേട്ടത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. എന്നാൽ മെസ്സിയുടെയോ റൊണാൾഡോയുടെയോ ഒപ്പമിരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലെവന്റോസ്ക്കി. താരത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഏറെ കാലമായി ഏറ്റവും ഉയർന്ന തലത്തിൽ ഇരിക്കുന്നവരാണ് ഇരുവരുമെന്നും അവരോടൊപ്പം ഇരിക്കാനുള്ള യോഗ്യത തനിക്ക് വന്നിട്ടില്ലെന്നുമാണ് ലെവന്റോസ്ക്കി പ്രസ്ഥാവിച്ചത്.

” ഏറെ കാലമായി, ഏറ്റവും മുകളിലുള്ള ഒരേ ടേബിളിലാണ് മെസ്സിയും റൊണാൾഡോയും നിലകൊള്ളുന്നത്. അത്കൊണ്ടാണ് അവരെ താരതമ്യം ചെയ്യാൻ സാധിക്കാത്തതും. അവരോടൊപ്പം ഇരിക്കുക എന്നുള്ളത് എനിക്ക് തന്നെ സങ്കൽപ്പിക്കാനാവാത്ത കാര്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ കണക്കുകൾ എടുത്തു പരിശോധിക്കുകയാണെങ്കിൽ ഞാൻ മെച്ചപ്പെട്ടിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തിലും ഗോളടിയുടെ കാര്യത്തിലും നല്ല രീതിയിൽ പുരോഗതി കൈവരിക്കാൻ എനിക്ക് സാധിച്ചു. മെസ്സിക്കും റൊണാൾഡോക്കുമൊപ്പം ഒരു ടേബിളിൽ ഇരിക്കാനുള്ള അവസരം നഷ്ടപ്പെട്ട സ്ഥിതിക്ക്‌, അവരെ രണ്ട് പേരെയും ഭക്ഷണം കഴിക്കാൻ എന്റെ ടേബിളിലേക്ക് ക്ഷണിക്കേണ്ടി വന്നേക്കും ” ലെവന്റോസ്ക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *