മെഡൽ ഓഫ് ഹോണർ : ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദരം!

ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.നിരവധി റെക്കോർഡുകൾ തന്റെ പേരിലാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. പോർച്ചുഗലിന്റെയും അവരുടെ തലസ്ഥാനമായ ലിസ്ബണിന്റെയും പേര് വാനോളം ഉയർത്താൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.സ്പോർട്ടിങ് ലിസ്ബൻ എന്ന ക്ലബ്ബിലൂടെയായിരുന്നു റൊണാൾഡോ തന്റെ സീനിയർ കരിയറിന് ആരംഭം കുറിച്ചിരുന്നത്.

തങ്ങളുടെ നഗരത്തിന്റെ പേര് വാനോളം ഉയർത്തിയ റൊണാൾഡോയെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ലിസ്ബൻ നഗരമുള്ളത്. ലിസ്ബൻ സിറ്റിയുടെ മെഡൽ ഓഫ് ഹോണർ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിക്കും എന്നുള്ള കാര്യം നഗരത്തിന്റെ മേയറായ കാർലോസ് മോഡസ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ എപ്പോഴും ലിസ്ബൻ എന്ന നഗരത്തിന്റെ പേര് ലോകമെമ്പാടും പ്രൊജക്റ്റ് ചെയ്തിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച താരമായി ഒരുപാട് തവണ പരിഗണിക്കപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്രം ഭേദിക്കാനാവാത്ത വിധം ലിസ്ബണുമായി ബന്ധപ്പെട്ട് കിടക്കുന്നു. തീർച്ചയായും ഇത് ലിസ്ബൻ റൊണാൾഡോക്ക് നൽകുന്ന ഒരു ആദരമാണ്. ഒരുപാട് ആളുകൾക്ക് പ്രതീക്ഷ നൽകുകയും അവർക്ക് സഹായങ്ങൾ നൽകുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് റൊണാൾഡോ ” ഇതാണ് ലിസ്ബൻ നഗരത്തിന്റെ മേയർ പറഞ്ഞിട്ടുള്ളത്.

നിലവിൽ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.2025 വരെ അദ്ദേഹത്തിന് അവിടെ കരാർ അവശേഷിക്കുന്നുണ്ട്. അതിനുശേഷം അദ്ദേഹം തന്റെ കരിയറിന് വിരാമമിടാൻ സ്പോർട്ടിങ് ലിസ്ബണിലേക്ക് തന്നെ മടങ്ങിയെത്തുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *