മുന്നിൽ നിന്ന് നയിച്ച് നെയ്മറും ഫിർമിഞ്ഞോയും, അഞ്ചിന്റെ മൊഞ്ചിൽ കാനറിക്കിളികൾ !

ഇന്ന് രാവിലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിന് ഉജ്ജ്വലവിജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ ബൊളീവിയയെ തകർത്തു വിട്ടത്. മത്സരത്തിലുടനീളം സർവാധിപത്യം പുലർത്തിയ ബ്രസീലിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചിരുന്നു. ബ്രസീലിന് വേണ്ടി റോബെർട്ടോ ഫിർമിഞ്ഞോ ഇരട്ട ഗോളുകൾ നേടിയപ്പോൾ മാർക്കിഞ്ഞോസ്, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവർ ഓരോ ഗോളുകൾ കണ്ടെത്തുകയായിരുന്നു. ഒരു ഗോൾ ബൊളീവിയ താരം ജോസ് കരാസ്ക്കോയുടെ സംഭാവനയായിരുന്നു. സൂപ്പർ താരം നെയ്മർ ജൂനിയർ ഇരട്ട അസിസ്റ്റുകളുമായി തിളങ്ങി. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാനും ബ്രസീലിന് സാധിച്ചു.

വെവെർടൺ, ഡഗ്ലസ് ലൂയിസ് എന്നിവർക്ക്‌ ആദ്യ ഇലവനിൽ സ്ഥാനം നൽകി കൊണ്ടാണ് ടിറ്റെ ടീമിനെ കളത്തിലേക്കിറക്കിയത്. തുടക്കം മുതലേ ആക്രമണമനോഭാവം കാണിച്ച ബ്രസീൽ പതിനാറാം മിനുട്ടിൽ തന്നെ ഗോൾനേടി. ഡാനിലോയുടെ ക്രോസിൽ നിന്ന് മാർക്കിഞ്ഞോസ് ആണ് ഒരു ഹെഡറിലൂടെ വലകുലുക്കിയത്. മുപ്പതാം മിനുട്ടിൽ രണ്ടാം ഗോളും വന്നു. നെയ്മർ നീട്ടി നൽകിയ പന്ത് ലോദി ഫിർമിഞ്ഞോക്ക്‌ ക്രോസ് ചെയ്തു നൽകുകയായിരുന്നു. താരം അത് ഫിനിഷ് ചെയ്തു. ആദ്യപകുതിയിൽ ഈ രണ്ട് ഗോളുകളുടെ ലീഡുമായി ബ്രസീൽ കളം വിട്ടു. രണ്ടാം പകുതിയിൽ 49-ആം മിനുട്ടിൽ ഫിർമിഞ്ഞോ വീണ്ടും വലകുലുക്കി. നെയ്മറുടെ പാസ് ഫിർമിഞ്ഞോ ഫിനിഷ് ചെയ്യുകയായിരുന്നു. 66-ആം മിനുട്ടിലാണ് സെൽഫ് ഗോൾ പിറന്നത്. കൂട്ടീഞ്ഞോയുടെ ക്രോസ് റോഡ്രിഗോ ഹെഡ് ചെയ്യുകയും ബൊളീവിയ താരം കരാസ്ക്കോയുടെ ദേഹത്തിൽ പതിച്ച് ഗോളായി മാറുകയുമായിരുന്നു. 73-ആം മിനുട്ടിലാണ് അഞ്ചാം ഗോൾ വരുന്നത്. നെയ്മറുടെ അളന്നു മുറിച്ച ക്രോസ് ഒരു കരുത്തുറ്റ ഹെഡറിലൂടെ കൂട്ടീഞ്ഞോ വലയിലാക്കുകയായിരുന്നു. മത്സരത്തിൽ ഗോളുകൾ നേടാൻ ഫിർമിഞ്ഞോക്കും നെയ്മർക്കും സുവർണ്ണാവസരങ്ങൾ ലഭിച്ചുവെങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല. ഇനി പെറുവാണ് ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *