മിന്നി മെസ്സിയും ഡി മരിയയും,തകർപ്പൻ വിജയത്തോടെ അർജന്റീന വേൾഡ് കപ്പിന് റെഡി.

ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായി നടന്ന ഏക സൗഹൃദ മത്സരത്തിൽ വമ്പൻ വിജയം നേടി അർജന്റീന.എതിരില്ലാത്ത 5 ഗോളുകൾക്കാണ് അർജന്റീന UAE യെ പരാജയപ്പെടുത്തിയത്.സൂപ്പർതാരങ്ങളായ എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസ്സി എന്നിവരുടെ മികവിലാണ് അർജന്റീന മിന്നുന്ന വിജയം നേടിയിട്ടുള്ളത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡി മരിയ കരസ്ഥമാക്കിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മെസ്സി തിളങ്ങുകയും ചെയ്തു.

മെസ്സി,ഡി മരിയ എന്നിവർക്കൊപ്പം ആദ്യ ഇലവനിൽ ജൂലിയൻ ആൽവരസായിരുന്നു ഇടം നേടിയിരുന്നത്.പതിനാറാം മിനിറ്റിൽ ആൽവരസ് തന്നെയാണ് ആദ്യ ഗോൾ നേടിയത്. ലയണൽ മെസ്സി നീട്ടി നൽകിയ ബോൾ ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ.24ആം മിനുട്ടിൽ ഡി മരിയയുടെ ഗോൾ പിറന്നു.അകുനയുടെ ക്രോസ് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ഡി മരിയ വലയിൽ എത്തിച്ചത്.

35ആം മിനുട്ടിൽ മരിയ അർജന്റീനയുടെ ലീഡ് ഉയർത്തി.മാക്ക് ആല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്. തൊട്ടു പിന്നാലെ ലയണൽ മെസ്സിയുടെ ഗോളും പിറന്നു.ഡി മരിയ നീക്കി നൽകിയപ്പോൾ എതിർ താരങ്ങളെ കബളിപ്പിച്ചുകൊണ്ട് ഒരു തകർപ്പൻ ഷോട്ടിലൂടെ മെസ്സി വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ പകുതി പിന്നിട്ടപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾ നേടിക്കൊണ്ടുതന്നെ അർജന്റീന വിജയം ഉറപ്പിച്ചിരുന്നു.

രണ്ടാം പകുതിയിൽ ജോക്കിൻ കൊറേയയാണ് ഗോൾ കണ്ടെത്തിയത്. ഡി പോളിന്റെ അസിസ്റ്റിൽ നിന്നും താരം ഗോൾ നേടുകയായിരുന്നു. സൗഹൃദ മത്സരമായിരുന്നുവെങ്കിലും വളരെ മികച്ച രൂപത്തിൽ കളിക്കാൻ അർജന്റീനക്ക് കഴിഞ്ഞു. ഇനി അർജന്റീനയുടെ അടുത്ത മത്സരം വേൾഡ് കപ്പിലാണ്. സൗദി അറേബ്യയാണ് ആ മത്സരത്തിൽ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *