മറഡോണക്ക് വേണ്ടി വിജയം നേടാൻ ആഗ്രഹിച്ചിരുന്നു : മെസ്സി!

ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണ ഈ ലോകത്തോട് വിടപറഞ്ഞ ശേഷം ഇതാദ്യമായിട്ടായിരുന്നു അർജന്റൈൻ ദേശീയ ടീം കളിക്കാനിറങ്ങിയിരുന്നത്. തങ്ങളുടെ ഇതിഹാസത്തിന് ആദരമർപ്പിക്കാൻ അർജന്റീന മറന്നിരുന്നില്ല. മത്സരത്തിന് മുന്നേ തന്നെ മറഡോണയുടെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു.കൂടാതെ ടീം അണിനിരന്നത് മറഡോണയുടെ ചിത്രം പതിച്ച പ്രത്യേക ജേഴ്സി അണിഞ്ഞായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അദ്ദേഹത്തിനുവേണ്ടി മത്സരത്തിൽ ജയം നേടാൻ അർജന്റീനക്ക് സാധിച്ചില്ല. ഈ മത്സരം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നുവെന്നും എന്നാൽ മറഡോണക്ക് വേണ്ടി വിജയം നേടാൻ ആഗ്രഹിച്ചിരുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റൈൻ നായകൻ ലയണൽ മെസ്സി.ചിലിക്കെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെസ്സി.

” ഈ മത്സരം വളരെ സ്പെഷ്യലായ ഒന്നായിരുന്നു. എന്തെന്നാൽ ഡിയഗോ മറഡോണയില്ലാത്ത ആദ്യമത്സരമായിരുന്നു ഇത്‌.മറഡോണ സ്റ്റേഡിയത്തിൽ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന് വേണ്ടി ദേശീയ ടീം എന്താണ് ചെയ്യാൻ ഉദ്ദേശിച്ചതെന്ന് നമുക്ക് എല്ലാവർക്കുമറിയാം.അദ്ദേഹത്തിന് വേണ്ടി ഒരു വിജയം നേടാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു.അദ്ദേഹം ടീമിനെ പ്രതിനിധീകരിക്കുന്ന സമയത്ത് അത്‌ തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്.കൂടാതെ ഞങ്ങളുടെ രാജ്യവും ലോകവും കടന്നു പോകുന്നത് ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ്. എല്ലാവർക്കും സങ്കീർണമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം ഒരു മനോഹരമായ സ്റ്റേഡിയത്തിൽ ആളുകൾക്ക് എത്തിച്ചേരാൻ കഴിയാത്തത് സഹതാപമുണർത്തുന്ന ഒരു കാര്യമാണ് ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *